കൊച്ചി: മികച്ച കളിക്കാർക്കൊപ്പം പുതിയ സീസൺ ആവേശകരമായ ആക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഇക്കുറി ടീം ജഴ്സിയിലും പുതുമ നിറക്കുകയാണ്. കൊവിഡ് പോരാളികൾക്ക് ആദരവുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക. മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ആദരവായി ക്ലബ്ബിന്റെ മൂന്നാം കിറ്റ് സമര്‍പ്പിക്കാനാണ് ക്ലബ്ബിന്റെ തീരുമാനം.
ബ്ലാസ്റ്റേഴ്സ് ടീമിന്റെ ലോഗോയിലുള്ള ആനയെ പുതിയ കിറ്റിൽ ആകർഷകമായ രീതിയിൽ പുനര്‍നിര്‍മിച്ചിട്ടുണ്ട്. പോലീസിനുള്ള ബാഡ്ജുകള്‍, ശുചിത്വ തൊഴിലാളികള്‍ക്കുള്ള ചൂലുകള്‍, ഗ്ലോബിന് മുകളിലുള്ള സ്റ്റെതസ്കോപ്പും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷിത കരങ്ങൾ, കേരളത്തിന്റെ ഭൂപടം, ഇന്ത്യന്‍ പതാക, വാളുകളായുള്ള കൊമ്പുകള്‍, ലോകമെമ്പാടുമുള്ള എല്ലാ ആരാധകര്‍ക്കും അവര്‍ എവിടെ ആയിരുന്നാലും സമാധാനവും സംരക്ഷണവും പ്രതീകാത്മകമാക്കുന്ന പ്രാവ് എന്നിവയെല്ലാം ഡിസൈനിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വെള്ളയിൽ സ്വര്‍ണ നിറത്തിൽ കസവ് മുണ്ടിനെ സാമ്യപ്പെടുത്തും വിധം കേരളത്തിന്റെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്നതാണ് പുതിയ ടീം ജേഴ്സി. കേരളം പ്രളയത്തിൽ മുങ്ങിയ കാലത്ത് രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് രൂപകല്പനചെയ്ത ജഴ്സിയും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൃദയ സ്പന്ദനങ്ങളുടെ ആലേഖനവും ജഴ്സിയിൽ നിറയുന്നുണ്ട് . മഞ്ഞപ്പടയുടെ ഹൃദയത്തുടിപ്പുകൾ പ്രതീകാത്മകമായി കളിക്കാരുടെ ജഴ്സിയിൽ പകർത്താൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. എല്ലാ അർത്ഥത്തിലും അതും ഇതുവരെ കണ്ട ബ്ലാസ്റ്റേഴ്സിനെ ആകില്ല ഇനി കാണുന്നത് എന്നാണ് ടീം മാനേജ്മെൻറ് നൽകുന്ന സൂചന.
ഈ വര്‍ഷമാദ്യം തുടങ്ങിയ #SaluteOurHeroes ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ മൂന്നാമത് ഔദ്യോഗിക കിറ്റ് ക്ലബ്ബിന്റെ കടുത്ത ആരാധികരിലൊരാളാണ് രൂപകൽപന ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ ഇരുപതുകാരിയായ ബി എസ് സി വിദ്യാര്‍ഥിനി സുമന സായിനാഥാണ് തീം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈന്‍ എന്‍ട്രികളില്‍ നിന്നാണ് സുമനയെ വിജയിയായി തിരഞ്ഞെടുത്തത്.