പന്ത്രണ്ടാം വയസ്സിൽ ഒളിംപ്യൻശങ്കർ എന്ന പേരിൽ ഇ മെയിൽ വിലാസമുണ്ടാക്കിയ ആളാണ് പാലക്കാട് യാക്കര സ്വദേശി ശ്രീശങ്കർ. ദേശീയ ട്രിപ്പിള്‍ ജംപ് താരമായിരുന്ന എസ് മുരളിയുടെയും ദേശീയ അത് ലറ്റായിരുന്ന കെ എസ് ബിജിമോളുടെയും മകനായ ശ്രീശങ്കറിന് മാതാപിതാക്കളെ പോലെ തന്നെ ജീവനായിരുന്നു സ്പോർട്സ്. അച്ഛൻ്റെയും അമ്മയുടെയും കായിക ജീവിതം ഈ മകനെ അത്രമേൽ സ്വാധീനിച്ചിരുന്നു.
ഒളിംപിക്സായിരുന്നു സ്വപ്നം. അങ്ങനെയാണ് ചെറുപ്പത്തിൽ തന്നെ ഒളിംപ്യൻശങ്കർ എന്ന പേരിൽ ഇ മെയിൽ വിലാസമുണ്ടാക്കിയത്. ഇങ്ങനെയൊരു ഇമെയിൽ വിലാസം കണ്ടാൽ നാട്ടുകാർ കളിയാക്കുമെന്ന് വീട്ടുകാർ പറഞ്ഞു. എന്നാൽ തൻ്റെ സ്വപ്നമാണെന്ന് പറഞ്ഞ് ആ ഇ മെയിൽ വിലാസം ഉപേക്ഷിച്ചില്ല. ഇപ്പോഴിതാ ഇരുപത്തിരണ്ടാമത്തെ വയസിൽ ശ്രീശങ്കർ രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കാൻ ടോക്യോവിലേയ്ക്ക് പോവുകയാണ്.
വീട്ടുകാരെ സംബന്ധിച്ച് അഭിമാന നിമിഷമാണ്. കായിക താരങ്ങളായ മാതാപിതാക്കളുടെ സ്വപ്നമായിരുന്നു ഒളിംപിക്സ്. ആ സ്വപ്നമാണ് മകനിലൂടെ നിറവേറുന്നത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ശ്രീശങ്കർ. ലോംഗ്ജംപിലാണ് ശ്രീശങ്കർ മത്സരിയ്ക്കുന്നത്. കായിക താരമായ പിതാവ് എസ് മുരളി തന്നെയാണ് പരിശീലകൻ. ജൂലൈ 31 ന് ഇന്ത്യൻ സമയം 3.30 നാണ് മത്സരം.
പട്യാല ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാന്പ്യന്ഷിപ്പില് സ്വന്തം റെക്കോര്‍ഡ് തിരുത്തി 8.26 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ഒളിംപിക്സിന് യോഗ്യത നേടിയത്. എഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ശ്രീശങ്കര്‍ ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ വേറെയും സ്വന്തമാക്കിയിട്ടുണ്ട്.