പൃഥ്വി ഷാ- ഓസ്ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനം മൂലം ഇംഗ്ലണ്ടിനെതിരായ പരമ്പരകളിൽ ടീമിൽ ഇടം ലഭിക്കാതെ പോയ ആളാണ് പൃഥ്വി ഷാ. എന്നാൽ വിജയ് ഹസരെ ട്രോഫിയിലെ മാസ്മരിക പ്രകടനത്തിലൂടെ വൻ തിരിച്ചുവരവാണ് മുംബൈ നായകൻ കൂടിയായ പൃഥ്വി ഷാ നടത്തിയിരിക്കുന്നത്. ഫൈനലിൽ 30 പന്തിൽ നിന്ന് ഫിഫ്റ്റി നേടിയ അദ്ദേഹം ടൂർണമെന്റിൽ എക്കാലെത്തെയും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി. 827 റൺസാണ് താരം ടൂർണമെന്റിൽ അടിച്ചു കൂട്ടിയത്. പല ഇതിഹാസ താരങ്ങളെയും പിന്തള്ളിയാണ് താരം റെക്കോർഡ് നേടിയത്.
സൗരാഷ്ട്രക്കെതിരെ 123 പന്തിൽ 185 റൺസും, സെമി ഫൈനലിൽ കർണാടകയ്ക്കെതിരെ 122 പന്തിൽ 165 റൺസും ഈ ഇരുപതിയൊന്നുകാരൻ നേടി. പുതുച്ചേരിക്കെതിരായ മത്സരത്തിൽ 227 റൺസാണ് ഷാ അടിച്ചു കൂട്ടിയത്.
ധവാൽ കുൽകർണി- ഈ വർഷത്തെ ചാമ്പ്യൻമാരായ മുംബൈയ്ക്ക് വേണ്ടി പൃഥ്വി ഷാ ബാറ്റുകൊണ്ടാണ് പ്രകടനം നടത്തിയതെങ്കിൽ ധവാൽ കുൽകർണി ബോൾ കൊണ്ടാണ് ആരാധകരെ വിസ്മയിപ്പിച്ചത്. ആറു കളികളിൽ നിന്ന് 14 വിക്കറ്റാണ് ഈ മുപ്പത്തിരണ്ടുകാരൻ നേടിയത്. 3.72 ആണ് താരത്തിന്റെ ഇക്കോണമി റേറ്റ്. 10 മെയ്ഡൻ ഓവറുകളും താരം ടൂർണമെന്റിൽ എറിഞ്ഞു. 44 റൺസ് വിട്ട് കൊടുത്ത് 5 വിക്കറ്റ് നേടിയതാണ് ടൂർണമെന്റിലെ മികച്ച പ്രകടനം.
ക്രൂനാൽ പാണ്ഡ്യ - ബറോഡാ ടീം ക്യാപ്റ്റൻ ആയ ക്രൂനാൽ പാണ്ഡ്യയും വരാൻ പോകുന്ന ടി20 ലോകകപ്പ് ടീമിലേക്ക് താനും യോഗ്യനാണെന്ന് തെളിയിച്ചു. ആദ്യഘട്ട മത്സരങ്ങളിൽ നിന്ന് കര കയറാൻ ടീമിന് കഴിഞ്ഞില്ലെങ്കിലും ഒറ്റയാൻ പോരാട്ടത്തിലൂടെ ക്രൂനാൽ പാണ്ഡ്യ ശ്രദ്ധ നേടി. 5 കളികളിൽ നിന്നും 117.93 സ്ട്രൈക്ക് റേറ്റിൽ 388 റൺസാണ് താരം അടിച്ചു കൂട്ടിയത്. നിലവിലെ മുംബൈ ഇന്ത്യൻസ് ടീമംഗമായ താരം 5 വിക്കറ്റും നേടി. രണ്ട് സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറിയും താരം തന്റെ പേരിൽ കൂട്ടിച്ചേർത്തു.
ഋഷി ധവാൻ- മുഷ്ത്താഖ് അലി ട്രോഫിയിലെ ഉജ്ജ്വല ഫോം നില നിർത്തുന്ന പ്രകടനമായിരുന്നു ഋഷിയുടേത്. 5 കളികളിൽ നിന്നായി 5.45 ഇക്കോണമി റേറ്റിൽ 16 വിക്കറ്റാണ് താരങ്ങൾ നേടിയത്. താരം ടൂർണമെന്റിൽ 150റൺസും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരുന്നു ഋഷി. 27 റൺസ് വിട്ട് കൊടുത്ത് 6 വിക്കറ്റ് നേടിയതാണ് ടൂർണമെന്റിലെ മികച്ച പ്രകടനം.