ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്ക്കും ജനുവരി പതിനൊന്നിന് ആയിരുന്നു പെൺകുഞ്ഞ് പിറന്നത്. സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഇരുവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കുഞ്ഞിനെ സ്വീകരിക്കാൻ വിരാടും അനുഷ്കയും വീട്ടിൽ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചാണ്.
വോഗിന് നൽകിയ അഭിമുഖത്തിലാണ് അനുഷ്ക കുഞ്ഞുവാവയെ സ്വീകരിക്കാൻ വീട്ടിൽ നടത്തിയ ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞത്. മകൾക്കായി ഒരു മുറി തന്നെ ഒരുക്കിയിരിക്കുകയാണ് അനുഷ്ക. ആനിമൽ തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. മുറി തയ്യാറാക്കുന്നതിനായി ഏറെ സമയം മാറ്റി വച്ചെന്നും മുറി ലിംഗ നിക്ഷ്പക്ഷമാവണം എന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നെന്നും അനുഷ്ക വ്യക്തമാക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം നിറം വേണമെന്നതിനോട് തനിക്ക് അഭിപ്രായമില്ലെന്നും അനുഷ്ക വ്യക്തമാക്കി. ആൺകുട്ടികൾ നീലനിറം ധരിക്കണമെന്നോ പെൺകുട്ടികൾ പിങ്ക് ധരിക്കണമെന്നോ താൻ കരുതുന്നില്ലെന്നും അനുഷ്ക പറഞ്ഞു. വിരാടിനും തനിക്കും മൃഗങ്ങളെ ഇഷ്ടമാണെന്നും ആ ഇഷ്ടം മകൾക്കും ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അനുഷ്ക പറഞ്ഞു.