ദുബായ്: ക്രിക്കറ്റിൽ ചിരവൈരികളാണ് ഇന്ത്യയും പാകിസ്ഥാനും. ഇരു ടീമുകളിലൊന്ന് തോൽക്കുന്നത്, അവരുടെ ആരാധകർക്ക് സഹിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ്, ഓസ്ട്രേലിയയ്ക്കെതിരായ ടി20 ലോകകപ്പ് സെമിയിലെ തോൽവിയിൽ ഇന്ത്യൻ ബന്ധം ആരോപിച്ച് പാക് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു വിക്കറ്റിന് തോറ്റതിന് വില്ലനായി പാക് ആരാധകർ പ്രതിഷ്ഠിക്കുന്നത് അവരുടെ പേസർ ഹസൻ അലിയെയാണ്. അതിന് ഒരു കാരണവുമുണ്ട്. ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയാണ്, അതുകൊണ്ടാണ് ഹസൻ അലി മത്സരത്തിലെ ഹീറോയായ മാത്യു വെയ്ഡിന്റെ ക്യാച്ച് വിട്ടുകളഞ്ഞത്. ഇതിനുള്ള പ്രതിഫലം മത്സരത്തിന് മുമ്പ് തന്നെ ഹസൻ അലിയുടെ ബാങ്ക് അക്കൌണ്ടിലെത്തിയെന്നും പാക് ആരാധകർ ആരോപിക്കുന്നു.
പാകിസ്ഥാൻ ഫാസ്റ്റ് ബൗളറെ കഴിഞ്ഞ ദിവസം രാത്രി മുതൽ സോഷ്യൽ മീഡിയയിൽ ക്രൂരമായി ട്രോളുകയും വിമർശിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ് പാക് ആരാധകർ. ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹം ഇന്ത്യൻ പെൺകുട്ടിയായ സാമിയ അർസൂയെ വിവാഹം കഴിച്ചതാണ് എന്നാണ്. ഒരു എയറോനോട്ടിക്കൽ എഞ്ചിനീയറാണ് സമിയ, 2019-ൽ ദുബായിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽവെച്ചാണ് സാമിയ ഹസനെ വിവാഹം കഴിച്ചത്. ഹസൻ അലി ഒരു ഇന്ത്യൻ യുവതിയെ വിവാഹം കഴിച്ചതിനാൽ മത്സരം ‘ഒത്തുകളിച്ചു’ എന്നാണ് ചില പാക് ആരാധകർ ആരോപിക്കുന്നത്.
എമിറേറ്റ്സ് എയർലൈൻസിൽ ഫ്ലൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് സാമിയ. ഹരിയാനയിലെ പൽവാൽ ജില്ലയിലെ ചന്ദേനി ഗ്രാമമാണ് സാമിയയുടെ സ്വദേശം. അവരുടെ പിതാവ് ലിയാഖത്ത് അലി ഹരിയാന സർക്കാരിൽ ജോലി ചെയ്ത് വിരമിച്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറാണ്. 15 വർഷത്തിലേറെയായി കുടുംബം താമസിച്ചിരുന്ന ഫരീദാബാദിൽ നിന്നാണ് സാമിയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
വിവാഹത്തിന് ഒരു വർഷം മുമ്പ് ദുബായിലുള്ള ഒരു സുഹൃത്ത് വഴിയാണ് സാമിയയും ഹസനും പരിചയപ്പെടുന്നത്. “ഞാൻ അവളെ കണ്ടതിന് ശേഷം എന്റെ സഹോദരനോടും അളിയനോടും സംസാരിച്ചു. ഞാൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കുടുംബത്തിന് പ്രശ്നമൊന്നുമില്ലായിരുന്നു"- എന്നും വിവാഹത്തിന് മുമ്പ് ഹസൻ അലി പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ‘ദി നേഷൻ’ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഹസൻ അലി ഇക്കാര്യം പറഞ്ഞത്.
ക്യാച്ച് നഷ്ടമാക്കിയ പാക് താരത്തിന്റെ ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് വധഭീഷണി- ദുബായ്: ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരത്തിന്റെ ഭാര്യയ്ക്ക് വധഭീഷണി. മത്സരത്തിൽ നിർണായക ക്യാച്ച് നഷ്ടമാക്കിയ പാക് താരം ഹസൻ അലിയുടെ ഭാര്യയ്ക്കെതിരെയാണ് വധഭീഷണി ഉയർന്നത്. ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് ഭീഷണിയെന്ന് റിപ്പോർട്ടുണ്ട്. മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ ഹസൻ അലി, പത്തൊമ്പതാം ഓവറിൽ ഓസീസിനെ ജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. ഇതോടെ ഹസൻ അലിക്കെതിരെ അധിക്ഷേപവും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ.
ഹസൻ അലി ക്യാച്ച് നഷ്ടമാക്കിയതിന് പിന്നാലെ ഷഹീൻ അഫ്രിദിയെ മൂന്നു സിക്സർ പറത്തിയാണ് മാത്യു വെയ്ഡ് ഓസീസ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസൻ അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറി. എന്നാൽ ഓടിയെത്തിയ ഹസൻ അലിക്ക് പിഴച്ചതോടെ, മാത്യു വെയ്ഡിന് ലൈഫ് ലഭിച്ചു.
ഹസൻ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസന് അലി ക്യാച്ച് വിട്ടതെന്നും ക്യാച്ച് വിടും മുന്പ് ഹസന് അലിയുടെ അക്കൗണ്ടില് പണമെത്തിയെന്നും അടക്കം നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്. കൂടാതെ, ഹസന് അലിയുടെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയില് അസഭ്യ വർഷം തുടരുകയാണ്. നേരത്തെ ഇന്ത്യ പാകിസ്ഥാനെതിരെ തോറ്റപ്പോൾ, ഇന്ത്യൻ പേസർ മൊഹമ്മദ് ഷമിക്കെതിരെ ഇന്ത്യൻ ആരാധകരും ഇത്തരത്തിൽ സൈബർ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. ഷമിയെ പിന്തുണച്ച, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ മകളെ പീഡിപ്പിക്കുമെന്ന ഭീഷണിയും ഉയർന്നിരുന്നു. ഈ സംഭവത്തിൽ പിന്നീട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.