പെനാൽറ്റി കിക്കുകൾ കൂടുതലായി നഷ്ടപ്പെടുത്തുന്ന രീതി ഖത്തർ ലോകകപ്പിന്റെ തുടക്കം മുതൽ കണ്ടുവരുന്നു. ക്ലബ് ഫുട്ബോളിൽ ഗോളുകളടിച്ചുകൂട്ടുന്ന സൂപ്പർതാരങ്ങളായ മെസി, ലവൻഡോവ്സ്കി എന്നിവർക്കുപോലും പെനാൽറ്റി കിക്ക് പിഴയ്ക്കുന്നതിന് ലോകകപ്പ് സാക്ഷ്യംവഹിച്ചു. ക്വാർട്ടർഫൈനലിന് മുമ്പ് പാഴായിപ്പോയ സ്പോട്ട് കിക്കുകൾ 42 ശതമാനമാണ്. ഇതുവരെയുള്ള 31 പെനാൽറ്റികളിൽ 58 ശതമാനം മാത്രമാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിന് മുമ്പ് വരെ 71 ശതമാനം പെനാൽറ്റി കിക്കുകളും ലക്ഷ്യം കണ്ടിരുന്നു.
ക്രൊയേഷ്യ, മൊറോക്കോ എന്നിവർക്കെതിരെ നന്നായി കളിച്ചിട്ടും പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനും സ്പെയിനും പുറത്തായത്, സ്പോട്ട് കിക്കുകൾ എടുത്തതിലെ പോരായ്മ ഒന്നുകൊണ്ട് മാത്രമാണ്. സ്പെയിനിന് ഒരു പെനാൽറ്റി പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ജപ്പാന് ലക്ഷ്യം കാണാനായത് ഒരേയൊരു പെനാൽറ്റി കിക്ക് മാത്രമായിരുന്നു.
റോബർട്ട് ലെവൻഡോവ്സ്കി, ലയണൽ മെസ്സി, സെർജിയോ ബുസ്ക്വെറ്റ്സ് തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളും പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തുന്നതിന് ഈ ലോകകപ്പ് സാക്ഷ്യംവഹിച്ചു. ലോകകപ്പിന് മുന്നോടിയായി 1000 പെനാൽറ്റി കിക്കുകൾ പരിശീലിച്ചിട്ടും ഒരെണ്ണം പോലും ലക്ഷ്യം കാണാനായില്ലെന്ന് സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഈ ലോകകപ്പിൽ പെനാൽറ്റി കിക്കുകൾ കൂടുതലായി നഷ്ടപ്പെടാൻ കാരണം?
ഇതിൽ ഒന്നാമത്തേത് കിക്ക് എടുക്കുന്ന താരത്തിന്റെ മാനസിക സമ്മർദ്ദമാണ്. ഉദാഹരണത്തിന് മൊറോക്കോ-സ്പേയിൻ മത്സരം ഒന്ന് പരിശോധിക്കുക. ഷൂട്ടൌട്ടിലേക്ക് നീണ്ട മത്സരത്തിൽ മൊറോക്കോ താരങ്ങൾ സമ്മർദ്ദത്തിന് അടിപ്പെടാത്ത ശരീരഭാഷ പ്രകടിപ്പിച്ചപ്പോൾ, ഓരോ കിക്കെടുക്കുമ്പോഴും സ്പാനിഷ് താരങ്ങൾ കൂടുതൽ സമ്മർദ്ദത്തിന് അടിപ്പെടുന്ന നിലയിലായിരുന്നു.
ഇതിൽ ഒന്നാമത്തേത് കിക്ക് എടുക്കുന്ന താരത്തിന്റെ മാനസിക സമ്മർദ്ദമാണ്. ഉദാഹരണത്തിന് മൊറോക്കോ-സ്പേയിൻ മത്സരം ഒന്ന് പരിശോധിക്കുക. ഷൂട്ടൌട്ടിലേക്ക് നീണ്ട മത്സരത്തിൽ മൊറോക്കോ താരങ്ങൾ സമ്മർദ്ദത്തിന് അടിപ്പെടാത്ത ശരീരഭാഷ പ്രകടിപ്പിച്ചപ്പോൾ, ഓരോ കിക്കെടുക്കുമ്പോഴും സ്പാനിഷ് താരങ്ങൾ കൂടുതൽ സമ്മർദ്ദത്തിന് അടിപ്പെടുന്ന നിലയിലായിരുന്നു.
ഇനി ഇതേക്കുറിച്ച് കൂടുതൽ ശാസ്ത്രീയമായ ഒരു വിശകലനം കൂടി നോക്കാം. സ്പോർട്സ് സയൻസ് പ്രൊഫസറായ ഗീർ ജോർഡെറ്റ് പറയുന്നത് റഫറി വിസിൽ അടിച്ചതിന് ശേഷം പെനാൽറ്റി എടുക്കാൻ തിരക്കുകൂട്ടേണ്ടതില്ലെന്നാണ്. "റഫറി വിസിലടിച്ച് കഴിഞ്ഞ് 10 മുതൽ 15 സെക്കൻഡിനുള്ളിൽ കിക്കെടുത്താൽ മതി" അദ്ദേഹം പറഞ്ഞു. “കിക്കെടുക്കുന്നയാൾ തന്റെ ശ്രദ്ധ തിരിക്കാൻ കീപ്പറെ അനുവദിക്കരുത്, കിക്കെടുക്കുമ്പോൾ മറ്റൊന്നും ശ്രദ്ധിക്കാതെ ശ്വാസോച്ഛാസത്തിൽ ശ്രദ്ദ കേന്ദ്രീകരിക്കുക. റഫറിയുടെ വിസിൽ ഒരു ഓട്ട മത്സരത്തിനുള്ളതല്ല എന്ന് മനസിലാക്കണമെന്നും ഗീർ ജോർഡെറ്റ് പറയുന്നു. പലപ്പോഴും, വിസിൽ കേട്ടയുടൻ കിക്കെടുത്തവർക്കെല്ലാം പിഴച്ചെന്നും ഖത്തർ ലോകകപ്പ് കാണിച്ചുതരുന്നുണ്ട്.
ഇനി ഗോൾകീപ്പർമാരുടെ മികവ് പരിശോധിക്കാം. കിക്കെടുക്കുന്നവർ പിഴവ് വരുത്തി പുറത്തേക്ക് അടിച്ചുകളയുകയോ പോസ്റ്റിലോ ക്രോസ് ബാറിലോ തട്ടിത്തെറിക്കുന്നതോ അല്ല ഇത്തവണ കൂടുതലായി കണ്ടത്, മറിച്ച്, ഗോൾകീപ്പർമാരുടെ സേവാണ്. 1966 മുതൽ 2018 വരെ ലോകകപ്പ് പെനാൽറ്റികളുടെ സേവ് റേറ്റ് 17 ശതമാനമായിരുന്നു. 31 പെനാൽറ്റികളിൽ 11 എണ്ണം സേവ് ചെയ്തതോടെ 2022ൽ ഇത് 35 ശതമാനമാണ്.
കിക്കെടുക്കുമ്പോൾ ആദ്യ മൂവ് നടത്താതെ ശാന്തമായി നിൽക്കുന്ന ഗോൾകീപ്പർമാരെയാണ് ഇത്തവണ കൂടുതലായി കണ്ടത്. കിക്കറുടെ നീക്കത്തിനായി കാത്തുനിന്നശേഷമാണ് കീപ്പർമാരുടെ പ്രതികരണം. ഇത് കിക്കെടുക്കുന്നവരിൽ ആശയകുഴപ്പമുണ്ടാക്കുന്നു. ഖത്തറിൽ നഷ്ടമായ 13 പെനാൽറ്റികളിൽ എല്ലാം ശക്തിയില്ലാത്ത ലോ ഷോട്ടുകളായിരുന്നു. ഇത് കിക്കെടുക്കുന്നവർക്കുമേൽ ഗോൾകീപ്പർമാർ നേടിയ മാനസികവിജയമാണെന്നും വിലയിരുത്തപ്പെടുന്നു. ക്ലബ് ഫുട്ബോളിൽ ഉൾപ്പടെ നടത്തുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എതിർ താരങ്ങളുടെ പെനാൽറ്റി കിക്ക് സ്വഭാവത്തെക്കുറിച്ചുള്ള അളന്നുമുറിച്ചുള്ള വിശകലനവും ഇവിടെ കീപ്പർമാർക്ക് തുണയാകുന്നുണ്ട്.