'മോദിയും അമിത് ഷായും കൃഷ്ണനെയും അർജുനനെയും പോലെ'; രജനികാന്തിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്
കഴിഞ്ഞ ദിവസമാണ് കശ്മീർ സംബന്ധിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയത് സ്വാഗതം ചെയ്തുകൊണ്ട് രജനികാന്ത് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചത്
News18 Malayalam | August 13, 2019, 1:02 PM IST
1/ 3
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷാ ജോഡിയെയും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഉപമിച്ചതിന് ചലച്ചിത്രതാരം രജനീകാന്തിനെതിരെ വിമർശനവുമായി തമിഴ്നാട്ടിലെ കോൺഗ്രസ് നേതൃത്വം. രജനികാന്ത് മഹാഭാരതം ശരിയായി വായിക്കണമെന്ന് കോൺഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷൻ കെ.എസ് അഴഗിരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കശ്മീർ സംബന്ധിച്ച ആർട്ടിക്കിൾ 370 റദ്ദാക്കിയത് സ്വാഗതം ചെയ്തുകൊണ്ട് രജനികാന്ത് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചത്.
2/ 3
എന്നാൽ രജനികാന്തിൽനിന്ന് ഇത്തരത്തിലൊരു പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അഴഗിരി പ്രതികരിച്ചത്. രജനിയുടെ പ്രസ്താവന ഞെട്ടിച്ചു. കശ്മീരിന് ഉണ്ടായിരുന്നതുപോലെ പ്രത്യേക അവകാശം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഉണ്ട്. എന്നാൽ ഇത് എടുത്തുകളയാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അഴഗിരി ചോദിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ് കശ്മീരിൽ മാത്രം സർക്കാർ ഇടപെട്ടതെന്ന് അഴഗിരി ആരോപിച്ചു. കശ്മീരിന് ഒരു നീതിയും മറ്റ് സംസ്ഥാനങ്ങൾക്ക് മറ്റൊരു നീതിയുമെന്ന ആഭ്യന്തരമന്ത്രിയുടെ നിലപാടിനെക്കുറിച്ചുള്ള രജനികാന്തിന്റെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും അഴഗിരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
3/ 3
കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നവർ എങ്ങനെ കൃഷ്ണനും അർജ്ജുനനുമാകുമെന്ന് അഴഗിരി ചോദിച്ചു. 'പ്രിയ ശ്രീ രജനീകാന്ത്, ദയവായി മഹാഭാരതം വീണ്ടും വായിക്കുക, നന്നായി വായിക്കുക'- അഴഗിരി പറഞ്ഞു. കശ്മീരിലെ കേന്ദ്ര ഇടപെടലിനെ ഞായറാഴ്ച രജനികാന്ത് അഭിനന്ദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രീകൃഷ്ണനെയും അർജ്ജുനനെയും പോലെയായിരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു. എന്നാൽ, ആരാണ് കൃഷ്ണൻ, ആരാണ് അർജുനൻ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.