പലസ്തീനിലും ലെബനനിലും ഇസ്ലാമിക തീവ്രവാദികൾക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രായേലിനെ ഇസ്ലാമിക വിരുദ്ധ രാജ്യം എന്നാണ് പല ഇസ്ലാമിക ഗ്രൂപ്പുകളും വിളിക്കുന്നത്. പല പലസ്തീൻ സംഘടനകളും ഇസ്രായേൽ സൈന്യമായ ഐ ഡി എഫ് ഇസ്ലാം മതവിശ്വാസികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നുണ്ട്. എന്നാൽ തങ്ങൾക്ക് അത്തരമൊരു നിലപാടില്ലെന്നും മതേതരമായാണ് മുന്നോട്ടു പോകുന്നതെന്നുമാണ് ഐ ഡി എഫ് എപ്പോഴും അവകാശപ്പെടുന്നത്.
മുസ്ലീം സ്ത്രീയായ മേജർ എല്ലയെ ഐ ഡി എഫ് അഭിനന്ദിച്ചു, "ഐ ഡി എഫിലെ ഓരോ ഉത്തരവാദിത്വവും നിറവേറ്റാൻ എല്ലയ്ക്ക് കഴിയും. മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ എന്നിങ്ങനെ ഐ ഡി എഫ് ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവസരങ്ങളാണ് ഐ ഡി എഫ് നൽകുന്നത്." ഇസ്രയേൽ സുരക്ഷാ സേനയിൽ മേജറായി ജോലി ചെയ്യുന്ന ഏക മുസ്ലീം സ്ത്രീയാണ് മേജർ എല്ല.
അറബ് വംശജയായ എല്ലയുടെ മാതാപിതാക്കൾ ജനിച്ചതും വളർന്നതും ഇസ്രായേലിൽ ആയിരുന്നു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഏറെ ആവേശത്തോടെയാണ് എല്ല ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായത്. ഗാസയിലും മറ്റും സൈനിക നടപടികളുടെ ഭാഗമായും എല്ല പ്രവർത്തിച്ചിട്ടുണ്ട്. അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ് എല്ലയെ ഉന്നതപദവിയിലെത്തിച്ചതെന്ന് സഹപ്രവർത്തകർ പറയുന്നു.
ഏതായാലും എല്ലയെ അഭിനന്ദിച്ചുകൊണ്ടുള്ള ഐ ഡി എഫിന്റെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധിയാളുകളാണ് എല്ലയ്ക്ക് അഭിനന്ദനം അർപ്പിച്ച് രംഗത്തെത്തുന്നത്. എല്ലയുടെ നേട്ടം രാജ്യത്തിന് അഭിമാനമാണെന്നും റീട്വീറ്റുകൾ പറയുന്നു. അതേസമയം സ്വന്തം വംശത്തെ ഒറ്റികൊടുക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് എല്ലയെന്ന പാലസ്തീൻ അനുകൂലികളുടെ വിമർശനവും റിട്വീറ്റുകളായി വരുന്നുണ്ട്.