കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന് വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി തങ്ങൾ ഉപയോഗിച്ചുവന്ന വിമാനങ്ങളും കവചിത വാഹനങ്ങളും ഉപയോഗ ശൂന്യമാക്കി യുഎസ് സേന. വിമാനത്താവളത്തിലെ രണ്ടാഴ്ച നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് യുഎ സ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു.
കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 എയർക്രാഫ്റ്റുകളും 10 ലക്ഷം ഡോളര്‍ വീതം വിലവരുന്ന നൂറോളം കവചിത വാഹനങ്ങളുമാണ് ഉപയോഗശൂന്യമാക്കിയശേഷം ഉപേക്ഷിച്ചത്. ‘ആ വിമാനങ്ങൾ ഇനി പറക്കില്ല, ആർക്കും അവ പ്രവർത്തിപ്പിക്കാനും കഴിയില്ല.’- ജനറൽ കെന്നത്ത് മക്കെൻസി പറഞ്ഞു. വിമാനങ്ങളും കവചിത വാഹനങ്ങളും താലിബാൻ ഉപയോഗിക്കാതിരിക്കാനാണ് അവ പൂർണമായി ഉപയോഗ ശൂന്യമാക്കിയത്.
വിമാനത്താവളത്തെ റോക്കറ്റ് ആക്രമണത്തിൽനിന്ന് രക്ഷിക്കാനായി ഒരുക്കിയിരുന്ന സംവിധാനവും യു എസ് നശിപ്പിച്ചു. തിങ്കളാഴ്ച, കാബൂൾ വിമാനത്താവളത്തിന് നേരെ വന്ന അഞ്ച് റോക്കറ്റുകൾ ഈ സംവിധാനം ഉപയോഗിച്ചാണ് യു എസ് തകർത്തത്. കാബൂളിൽനിന്ന് അവസാന യു എസ് വിമാനവും പറന്നുയരുന്നത് വരെ ഇവയെല്ലാം പ്രവർത്തനക്ഷമമായിരുന്നെന്ന് യുഎസ് ഉറപ്പാക്കിയിരുന്നതായി ജനറൽ മക്കെൻസി അറിയിച്ചു.
പ്രാദേശിക സമയം ഓഗസ്റ്റ് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളില്‍നിന്ന് യു എസിന്റെ അവസാന സി- 17 വിമാനം പറന്നുയർന്നത്. ഓഗസ്റ്റ് 14ന് ആരംഭിച്ച രക്ഷാദൗത്യത്തിലൂടെ 1,22,000 പേരെയാണ് യുഎസ് അഫ്ഗാനില്‍നിന്ന് പുറത്തെത്തിച്ചത്. കാബൂള്‍ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ നിയന്ത്രണം താലിബാന് ഏറ്റെടുത്തു. രാജ്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചെന്നായിരുന്നു യുഎസിന്റെ പിന്മാറ്റത്തിനു പിന്നാലെ താലിബാന് നേതാക്കളുടെ പ്രതികരണം.
ഏകദേശം 20 വർഷത്തോളം അഫ്ഗാനിസ്ഥാനിൽ യുദ്ധം ചെയ്ത ശേഷം, അമേരിക്കൻ സൈന്യം ഒടുവിൽ കാബൂളിൽ നിന്ന് മടങ്ങി. തിങ്കളാഴ്ച, അവസാന യു എസ് വിമാനം പറന്നുയർന്നതിനുശേഷം, താലിബാൻ ആകാശത്തേക്ക് വെടിയുതിർത്താണ് ഇത് ആഘോഷിച്ചത്. അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നത് ഒരു ചരിത്ര നിമിഷമായി വിശേഷിപ്പിച്ച താലിബാൻ നേതാക്കൾ, അഫ്ഗാനിസ്ഥാൻ ഇപ്പോൾ പൂർണമായും മോചിപ്പിക്കപ്പെട്ടുവെന്നും പറഞ്ഞു.
താലിബാൻ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തശേഷമായിരുന്നു താലിബാന്റ് ആഹ്ളാദ പ്രകടനം. വിമാനം പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് വിമാനത്താവളത്തിൽ താലിബാൻ ആഘോഷങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ആകാശത്തേക്ക് വെടിയുതിർക്കുകയും വിമാനത്താവളത്തിൽ താലിബാൻ പതാക ഉയർത്തുകയും വിജയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. 19 വർഷവും 8 മാസവും കഴിഞ്ഞ് അമേരിക്ക സേന ഔദ്യോഗികമായി അഫ്ഗാനിസ്ഥാൻ വിട്ടതായി താലിബാൻ നേതാവ് അനസ് ഹഖാനി സ്ഥിരീകരിച്ചു.