ന്യൂഡൽഹി: പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ അഹമ്മദ് ബജ്വയുടെ മരുമകൾ മഹ്നൂർ സാബിർ വിവാഹത്തിന് മുമ്പ് ഒമ്പത് ദിവസംകൊണ്ട് ശതകോടീശ്വരിയായി. വിവാഹത്തിന് രണ്ടാഴ്ച മുമ്പ് വരെ മഹ്നൂറിന്റെയും മറ്റ് മൂന്ന് സഹോദരിമാരുടെയും ബാങ്ക് ബാലൻസ് പൂജ്യം ആയിരുന്നു. എന്നാൽ ഖമർ അഹമ്മദ് ബജ്വയുടെ മകനുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഒമ്പത് ദിവസംകൊണ്ട് മഹ്നൂർ ശതകോടീശ്വരിയായി മാറി.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഫാക്ട് ചെക്കിങ് ഏജൻസി പറയുന്നതനുസരിച്ച്, 2018 ഒക്ടോബർ അവസാന വാരത്തിൽ മഹ്നൂറിന്റെ പ്രഖ്യാപിത ആസ്തി പൂജ്യമായിരുന്നു, എന്നാൽ 2018 നവംബർ ആദ്യവാരം അവരുടെ ആസ്തി നൂറ് കോടി രൂപയായി ഉയർന്നു. പാകിസ്ഥാൻ സൈനിക മേധാവിയുടെ മകൻ സാദ് ബജ്വയെ അവർ വിവാഹം കഴിച്ചത് 2018 നവംബർ രണ്ടിനായിരുന്നു.
2018 ഒക്ടോബർ 23-ന് ഗുജ്റൻവാലയിലെ എട്ട് ഡിഫൻസ് ഹൗസിംഗ് അതോറിറ്റി (ഡിഎച്ച്എ) പ്ലോട്ടുകൾ മഹ്നൂർ സാബിറിന് വിവാഹത്തിന് ഒമ്പത് ദിവസം മുമ്പ് ലഭിച്ചതായി ഫാക്റ്റ് ഫോക്കസ് അവകാശപ്പെട്ടു, ഡിഎച്ച്എ ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം ഒരാളുടെ പേരിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ഭാവിമരുമകളായ മഹ്നൂറിന്റെ പേരിലേക്ക് ഇത് മാറ്റിയതെന്നാണ് വിവരം.
മഹ്നൂർ സാബിറിന്റെ ആസ്തി- ലാഹോറിലെ മൗസ ജുൽകെയിൽ 212 കനാൽ 12 മാർലാസ് കൃഷിഭൂമിയും (നിലവിലെ വിപണി മൂല്യം 34 കോടി രൂപ) ലാഹോറിലെ ഡിഎച്ച്എയുടെ ഫേസ് 7 സെക്ടർ സിയിൽ നാല് 8-മാർലയും മൂന്ന് 4-മാർലയും വാണിജ്യ പ്ലോട്ടുകൾ (49 കോടി രൂപ) ഇസ്ലാമാബാദിലെ ഗ്രാൻഡ് ഹയാത്ത് അപ്പാർട്ട്മെന്റ് (7 കോടി രൂപ) ഗുജറനാവാലയിലെ ഡിഎച്ച്എയിൽ എട്ട് 1-കനാൽ പ്ലോട്ടുകളുടെ വിഹിതം (7.2 കോടി രൂപ) 15 ലക്ഷം രൂപ മൂല്യമുള്ള ലാ റെസിഡൻസ് (പ്രൈവറ്റ്) ലിമിറ്റഡ്,കമ്പനിയുടെ 15,000 ഓഹരികൾ.