മുംബൈ: ടാറ്റാ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയും ആയിരുന്ന സൈറസ് മിസ്ത്രിയുടെ മരണത്തിന്റെ ഞെട്ടലിലാണ് രാജ്യത്തെ വ്യവസായ ലോകം. മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിൽ മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ച് മെഴിസിഡസ് ബെൻസ് കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരത്തിൽ നിരവധി പ്രമുഖർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുമാരി ഡയാന മുതൽ സൈറസ് മിസ്ത്രി വരെ എത്തി നിൽക്കുന്നു ഈ പട്ടിക.
ഡയാന രാജകുമാരി - ഡയാന സ്നെൻസറുടെ മരണം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 1997 ഓഗസ്റ്റ് 31ന് തന്റെ 36ാം വയസിലാണ് ഡയാന രാജകുമാരി കാർ അപകടത്തിൽ കൊല്ലപ്പെട്ടത്. പാപ്പരാസികളിൽ നിന്നും രക്ഷപെടുന്നതിനിടയിൽ പോണ്ട് ഡി എൽ അൽമ ടണലിൽ വച്ചാണ് കാർ അപകടത്തിൽപെട്ടത്. അപകടത്തിൽ ഡ്രൈവറും ഡയാനക്കൊപ്പമുണ്ടായിരുന്ന കാമുകൻ ഡോതി അൽ ഫയാദും കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബർ ആറിന് നടന്ന ഇവരുടെ സംസ്കാരം ബ്രിട്ടീഷ് ടെലിവിഷനിൽ മാത്രം കണ്ടത് 32.10 ദശലക്ഷം ആളുകളാണ്. യുകെയുടെ ചരിത്രത്തിലെ ഏറ്റവും അധികം കാഴ്ചക്കാർ ഉണ്ടായ വീഡിയോ കൂടിയാണിത്. ഇതിന് പുറമെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് ആളുകളാണ് ശവസംസ്കാര വീഡിയോ കണ്ടത്.
പോൾ വാൾക്കർ- ഹോളിവുഡ് താരം പോൾ വാൾക്കറിന്റെ മരണവും അപകടത്തിലായിരുന്നു. 2013 നവംബർ 30ന് തന്റെ 40ാമത്തെ വയസിലാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ പോർഷെ സ്പോർട്സ് കാറിൽ യാത്ര ചെയ്യവേയാണ് പോൾ വാൾക്കർ കൊല്ലപ്പെട്ടത്. നോർത്ത് ലോസ് ആഞ്ജൽസിൽ നിന്നും സാന്താ ക്ലാരിറ്റയിലെ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളിലും ഇടിച്ചാണ് അപകടമുണ്ടായത്.
ആൻഡ്രൂ സൈമണ്ട്സ് - ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സിന്റെ മരണവും വാഹനാപകടത്തിൽ തന്നെയായിരുന്നു. 2022 മെയ് മാസം 15 ശനിയാഴ്ച രാത്രി ക്യൂൻസ് ലാൻഡിലെ ടൗൺസ് വില്ലയിൽ വച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈമൺസ് പിന്നീട് മരിക്കുകയായിരുന്നു. ഓൾറൗണ്ടറായ സൈമൺസ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ മരിച്ചതിന് മാസങ്ങൾക്കുളിലുണ്ടായ സൈമണ്ട്സിന്റെ മരണവും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു.
രാജേഷ് പൈലറ്റ്- മുതിർന്ന കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മരണവും സമാനമായ ഒരു വാഹനാപകടത്തിലായിരുന്നു. 2000 ജൂൺ 11 ന് ജയ്പൂരിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ ദൗസയിൽ അദ്ദേഹത്തിന്റെ ജീപ്പ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. പൈലറ്റായി ജീവിതം തുടങ്ങി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ തലയ്ക്കും നെഞ്ചിനും മുഖത്തിനുമായി ഗുരുതരമായ മുറിവുകളാണ് പറ്റിയത്. പിന്നീട് മകൻ സച്ചിൻ പൈലറ്റ് രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തു.