ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലൻഡിൽ നിന്ന് കഴിഞ്ഞദിവസം എത്തിയ വാർത്ത വളരെ സന്തോഷം നൽകുന്നത് ആയിരുന്നു. 34 വയസ് മാത്രം പ്രായമുള്ള സന്ന മാരിൻ ഫിൻലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത എത്തിയത് ഇന്നലെ ആയിരുന്നു. അത് മാത്രമല്ല, ഫിൻലൻഡ് രാഷ്ട്രീയത്തെ രസകരമാക്കുന്നത്. അഞ്ച് പാർട്ടികൾ ഉൾപ്പെട്ട സഖ്യകക്ഷി സർക്കാരാണ് ഫിൻലൻഡിലെ ഭരണകക്ഷി. അതിൽ, നാല് പാർട്ടികളെയും നയിക്കുന്നത് വനിതകൾ. അതിൽ തന്നെ, ഒരാളൊഴിച്ച് ബാക്കി എല്ലാവരുടെയും പ്രായം 35 വയസിന് താഴെ. ഫിൻലൻഡ് ഒരേസമയം വ്യത്യസ്തവും മനസിന് ആനന്ദം നൽകുന്നതുമായ ഒരു രാജ്യമാണ്. ഇത് മാത്രമല്ല ഫിൻലൻഡിന്റെ പ്രത്യേകത. ഫിൻലൻഡിനെ വ്യത്യസ്തമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിൽ ചിലത് പറയാം,
1. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഫിൻലൻഡ്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാമത് ഫിൻലൻഡ് ആണ്. സ്കാൻഡിനേവിയൻ രാജ്യങ്ങൾ എല്ലാ തവണയും സന്തോഷത്തിന്റെ കാര്യത്തിൽ മുകളിൽ തന്നെയാണെങ്കിലും ഫിൻലൻഡ് ഇത്തവണ അഞ്ചാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുകയായിരുന്നു.
2. വേഗപരിധിയേക്കാൾ വേഗത്തിൽ ഡ്രൈവ് ചെയ്താൽ അതിന് ചെലവ് കൂടുമെന്നതാണ് ഫിൻലൻഡിന്റെ മറ്റൊരു പ്രത്യേകത. വാഹനങ്ങൾക്ക് ഇവിടെ വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്. വേഗപരിധി ലംഘിച്ചാൽ നിയമം ലംഘിക്കുന്ന ആളുടെ ആകെ വരുമാനം അടിസ്ഥാനമാക്കിയാണ് പിഴത്തുക ഈടാക്കുക. കോടീശ്വരൻമാർ ആണെങ്കിൽ വേഗപരിധി ലംഘിച്ചാൽ ലക്ഷങ്ങളാണ് പിഴയായി നൽകേണ്ടി വരികയെന്ന് ചുരുക്കം.
3. ഫിൻലൻഡിന് മാത്രം അവകാശപ്പെട്ട കായികവിനോദങ്ങൾ വളരെ രസകരമാണ്. (1) വൈഫ് കാരിയിങ് ചാമ്പ്യൻഷിപ്പ്, (2) കൊതുക് വേട്ടയാടൽ ചാമ്പ്യൻഷിപ്പ് ( 3) മൊബൈൽ ഫോൺ എറിയൽ, (4) ചെളിയിൽ ഫുട്ബോൾ കളിക്കുക, (5) എയർ ഗിറ്റാർ. ഇതിൽ, വൈഫ് കാരിയിങ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നവർക്ക് ഭാര്യയുടെ ഭാരത്തിന് തുല്യമായ അത്രയും ബിയറാണ് സമ്മാനമായി ലഭിക്കുക.
6. രാജ്യത്ത് കാറിനേക്കാൾ അധികമായി ഉപയോഗിക്കുന്നത് സോനകളാണ്. സോന എന്ന് പറയുന്നത് തടികൊണ്ട് കെട്ടി മറച്ചുണ്ടാക്കിയ ഒരു ചെറിയ കെട്ടിടമാണ്. ഭിത്തി തടി കൊണ്ട് ആയിരിക്കും നിർമിച്ചിട്ടുണ്ടാകുക. ആവി കൊണ്ട് ഉയർന്ന ഊഷ്മാവിൽ ചൂടാക്കുകയാണ് സോനകളിൽ ചെയ്യുക. സോനാസ് ബാത്ത് ഇവിടെ പ്രസിദ്ധമാണ്. ഫിൻലൻഡിന്റെ സോന സംസ്കാരം വളരെ പ്രസിദ്ധമാണ്. ഹെൽസിങ്കിയിലെ ബർഗർ കിംഗിൽ പോലും സോനയുണ്ടെന്ന് കേൾക്കുമ്പോൾ അറിയാം ഇവിടെയുള്ള ആൾക്കാരുടെ ജീവിതവുമായി സോനകൾ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നെന്ന്.