കാബൂള്‍: നിയന്ത്രണം പിടിച്ചെടുത്ത് 10 ദിവസം കഴിയുമ്പോള്‍ പുതിയ സർക്കാര്‍ രൂപീകരണം സംബന്ധിച്ച ആലോചനകളിലാണ് താലിബാന്. താലിബാന് സഹസ്ഥാപകനും ഉപനേതാവുമായ മുല്ല അബ്ദുൽ ഗനി ബറാദര്‍ ആവും പുതിയ അഫ്ഗാന് പ്രസിഡന്റ് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇപ്പോൾ അഫ്ഗാനിലെ പ്രതിരോധ മന്ത്രിയായി ആറുവർഷം ഗ്വാണ്ടനാമോ തടവറയിൽ കഴിഞ്ഞ താലിബാൻ നേതാവിനെ നിയോഗിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്
വിശ്വസ്തരായ മുതിര്‍ന്ന നേതാക്കളെയാണ് ധന, പ്രതിരോധ മന്ത്രിമാരായി നിയോഗിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ക്യൂബയിലെ ഗ്വാണ്ടനാമോയിലുള്ള അമേരിക്കന്‍ ജയിലില്‍ മുൻപു തടവുകാരനായിരുന്ന മുല്ല അബ്ദുൽ ഖയൂം സാക്കിര്‍ പ്രതിരോധ മന്ത്രിയാകുമെന്ന് താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
മുല്ല അബ്ദുൽ ഖയ്യൂം സാക്കിർ പരിചയസമ്പന്നനായ താലിബാൻ കമാൻഡറാണ്. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ അടുത്ത സഹായി കൂടിയാണ് അദ്ദേഹം. റോയിട്ടേഴ്സ് പറയുന്നതനുസരിച്ച്, 2001 ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം യുഎസ് നേതൃത്വത്തിലുള്ള സേന അദ്ദേഹത്തെ പിടികൂടി. 2007 വരെ അദ്ദേഹത്തെ ഗ്വാണ്ടനാമോ ജയിലിൽ തടവിൽ പാർപ്പിച്ചു. പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ച് അഫ്ഗാൻ സർക്കാരിന് കൈമാറി.
രാജ്യാന്തര ഉപരോധം നേരിടുന്ന താലിബാന്റെ സാമ്പത്തിക വിഭാഗം മേധാവി ഗുള്‍ അഗാ ധനമന്ത്രിയാകും. സദര്‍ ഇബ്രാഹിം ആഭ്യന്തരമന്ത്രിപദത്തിലെത്തും. താലിബാന്റെ മുഖമായ വക്താവ് സബീഹുള്ള മുജാഹിദ് തന്നെയാവും സര്‍ക്കാര്‍ വക്താവായി പ്രവര്‍ത്തിക്കുക. കേന്ദ്രബാങ്കിന്റെ മേധാവിയായി ഹാജി മുഹമ്മദ് ഇദ്രിസിനെ കഴിഞ്ഞയാഴ്ച താലിബാന് നിയമിച്ചിരുന്നു. പ്രവിശ്യാ ഗവര്‍ണര്‍മാരായി മുതിര്‍ന്ന നേതാക്കളെ നിയോഗിക്കുമെന്നും താലിബാന് അറിയിച്ചു.
അഫ്ഗാനിൽ ക്ഷാമം വർദ്ധിക്കുന്നുവെന്നും കുറച്ച് ഭക്ഷണവും മരുന്നും മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത് എന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ മന്ത്രിമാരെ നിയോഗിച്ചത്. കാബൂൾ വിമാനത്താവളത്തിലൂടെയുള്ള ഇറക്കുമതി നിരോധിച്ചതോടെയാണ് രാജ്യത്ത് ക്ഷാമം മൂർച്ഛിച്ചത്. അഫ്ഗാനിലെ ഈ സാഹചര്യം കൊറോണ വ്യാപനം വർധിപ്പിച്ചേക്കാം എന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ, സുരക്ഷാ ആശങ്കകളുയര്‍ത്തി കാബൂളിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ഇന്ത്യന്‍ വിസയുള്ള നിരവധി അഫ്ഗാന് പാസ്പോര്ട്ടുകള് കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. താലിബാന് കാബൂള്‍ നഗരം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് ഉറുദു സംസാരിക്കുന്ന ഒരു സംഘം ആയുധധാരികള്‍ ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ് നടത്തിയത്. പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് വിവരം. താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയതിന് പിന്നാലെ ഇന്ത്യ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യം നടത്തിവരുന്നതിനിടെയാണ് പാസ്പോര്ട്ടുകള് നഷ്ടമായ വിവരം പുറത്തുവരുന്നത്.