കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനസേനയാണ് കേരള പോലീസ്. സംസ്ഥാന തലത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത്, പരിശീലനം നൽകി സ്വന്തം ജന്മദേശത്തോ, കേരളത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ നിയമിച്ചു കൊണ്ടുള്ള സംവിധാനം ആണ് നിലവിലുള്ളത്.
കേരളാ പോലീസിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് വ്യത്യസ്തങ്ങളായ ഭരണസംവിധാനങ്ങളുടെ കീഴിലായിരുന്നു കേരളാ പോലീസ്.
തിരുവിതാംകൂറിൽ ദിവാൻ ഉമ്മിണിത്തമ്പിയും റസിഡന്റ് കേണൽ മൺറോയും പോലീസ് സേനയെ രൂപീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. 1881-ൽ ദിവാനായിരുന്ന രായ്യങ്കാരാണ് പോലീസ് സേനയെ നിയമവകുപ്പിൽ നിന്ന് അടർത്തി പകരം സ്വന്തമായ ഒരു പോലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്. 1956 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള കേരള പോലീസ് രൂപീകൃതമായത്.
തിരുവനന്തപുരം ആണ് കേരള പോലീസിന്റെ ആസ്ഥാനം. 'മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ' എന്ന് അർത്ഥമാക്കുന്ന 'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന സംസ്കൃത വാക്യം ആണ് ഈ സേനയുടെ ആപ്തവാക്യം.