ജീവൻ തുടിക്കുന്ന മുഖങ്ങളും ചിത്രങ്ങളും കളങ്ങൾക്കുള്ളിലെ വരകളിലൂടെ, ചായം ചാലിച്ച്, വഴിയോരങ്ങളിലെ പടുകൂറ്റൻ ക്യാൻവാസ് പരസ്യ ബോർഡുകളിൽ ക്ഷമയോടെയും കൃത്യതയോടെയും വരച്ച് പൂർത്തിയാക്കുന്ന കലാകാരന്മാർ ഒരു കാലത്തെ കാഴ്ചയായിരുന്നു. അവരുടെ കൈകളിലെ ബ്രഷിനും പെയ്ന്റിനും മാസ്മരികതയുണ്ടോ എന്ന് ചിന്തിക്കാത്തവർ വിരളം. ഒരു സുപ്രഭാതത്തിൽ ഒറ്റ ക്ലിക്കിലൂടെ ഈ പറയുന്നവയൊക്കെ ഞൊടിയിടയിൽ പ്രിന്റ് ചെയ്ത് കിട്ടുന്ന ഫ്ലെക്സുകൾ വിപണിയിൽ ഒഴുകാൻ തുടങ്ങിയതോടു കൂടി വറുതിയുടെ കഥ മാത്രം ബാക്കിയായ ജീവിതങ്ങൾ മാത്രമായി അവർ മാറി. സാമ്പത്തിക മുതൽമുടക്ക് നടത്തി ടെക്നോളജിയുടെ വഴിയേ ചുവടു പിടിക്കാൻ അവരിൽ എല്ലാവർക്കും കഴിഞ്ഞില്ല എന്നത് തന്നെ കാരണം.
advertisement
മനോഹരൻ അഥവാ മനു (വിനീത് ശ്രീനിവാസൻ) എന്ന ചെറുപ്പക്കാരനായ കലാകാരൻ സാങ്കേതികതയുടെ കുത്തൊഴുക്കിൽ പിടിച്ചു നില്ക്കാൻ നടത്തുന്ന തത്രപ്പാടുകളുടെ കഥയുമായി തിയേറ്ററിൽ എത്തിയിരിക്കുന്ന ചിത്രമാണ് മനോഹരം. ആരെയും അത്ഭുതപ്പെടുത്തുന്ന ഡിസൈനുകൾ ഒരുക്കാനുള്ള കഴിവാണ് അയാളുടെ സർവ്വസ്വം. അച്ഛനിൽ നിന്നും സ്വായത്തമാക്കിയ വിദ്യ. പക്ഷെ നിലനിൽപ്പിനായി മനുവിന്റെ മുന്നോട്ടുള്ള യാത്രയിൽ ടെക്‌നോളജിയുടെ സഹായത്തോടുകൂടിയുള്ള ബിസിനസ്സിൽ പയറ്റി തെളിഞ്ഞേ പറ്റൂ. അങ്ങനെ മികച്ച പെയ്ന്റ്ററായ മനു ഫ്ലെക്സ് നിർമ്മാണ യൂണിറ്റ് തുറക്കുക എന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഫ്ലെക്സ് നിരോധനം നിലനിൽക്കുന്ന, പരസ്യ പ്രചാരണത്തിന് പ്രകൃതി സൗഹാർദ വഴികൾ പിന്തുടരുന്ന ഈ സമയത്ത് എന്തൊനൊരു ഫ്ലക്സ് ബിസിനസ്സിന്റെ കഥ എന്ന ചോദ്യം പ്രേക്ഷകന്റെ മനസ്സിൽ നിലനിർത്തി കൊണ്ട് തന്നെയാണ് ചിത്രം ആരംഭിക്കുന്നതും. അതേ സമയം അതിനൊരു ന്യായീകരണ ഉപാധിയല്ല എന്നും അതേ പ്രേക്ഷകന് വഴിയേ മനസ്സിലാക്കി കൊടുക്കാനും ഈ സിനിമ ശ്രമിച്ചു വിജയിക്കുന്നുണ്ട്.
അരവിന്ദന്റെ അതിഥികൾക്ക് ശേഷം തീർത്തും സാധാരണക്കാരനായ നായകന്റെ വേഷത്തിൽ വിനീത് ശ്രീനിവാസൻ എത്തുന്ന ചിത്രമാണ് മനോഹരം. മലയാള സിനിമയിൽ പലപ്പോഴും ചില ഡയലോഗുകളിൽ മാത്രമായി ഒതുങ്ങി കണ്ട പരസ്യ ബോർഡ് പെയിന്റിംഗ് തൊഴിലാളികളുടെ ജീവിതം മനുവിന്റെ തത്രപ്പാടുകളിലൂടെ, പേര് പോലെ മനോഹരമായി, അവതരിപ്പിക്കുന്ന ചിത്രമാണ് മനോഹരം. നഗരാന്തരീക്ഷത്തിൽ ഇന്നൊരു വലിയ വിഷയമായി തോന്നാത്ത ബിസിനസ് ഒരു പാലക്കാടൻ നാട്ടിൻപുറത്ത് എത്രത്തോളം വലുതാണെന്നും, അതിന്റെ പിന്നിലെ മത്സരവും ഒക്കെ ഭംഗിയായി ഒപ്പിയെടുക്കുന്ന ചിത്രമാണ് മനോഹരം.
വരയും ചായങ്ങളും ചേർത്ത് പെയ്ന്റ്റിംഗ് തൊഴിലാളികൾ വിസ്മയം തീർക്കുന്ന രീതിയിൽ, ചെറിയ കഥാതന്തു, ഭംഗിയായി മെനഞ്ഞ ക്യാൻവാസിൽ, കാണികളെ ബോറടിപ്പിക്കാതെ, മനോഹരമായി അവതരിപ്പിക്കുകയാണ് ഈ കൊച്ചു ചിത്രം.