ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ തുടരും. നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും വെള്ളി, ശനി ദിവസങ്ങളിലും എല്ലാ ജില്ലകളിലും മഴ കനക്കും. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ശനിയാഴ്ച ഇടുക്കി ജില്ലയിലുമാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്.
advertisement
സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള തീരത്ത് 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാല ഉണ്ടാകും. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.