1898ല്‍ ബാലരാമപുരത്ത് രാജപാതയിലൂടെ ചങ്കൂറ്റത്തോടെ പാഞ്ഞ അയ്യന്‍കാളിയുടെ വില്ലുവണ്ടി ഒരു പുതിയ അധ്യായം രചിക്കുകയായിരുന്നു. ആ വില്ലുവണ്ടി കേരളത്തിന്റെ ഭാവിയിലേക്കാണ് സഞ്ചരിച്ചത്. രാജപാതയില്‍ വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണെന്നും മുഖ്യമന്ത്രി അനുസ്മരിക്കുന്നു.
കുറിപ്പ് പൂർണരൂപത്തിൽ
അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ് അയ്യന്‍കാളി. അധഃസ്ഥിത സമൂഹത്തിന്റെ വിമോചകന് മാത്രമായിരുന്നില്ല, ജാതീയതയുടെ ഘോരാന്ധകാരത്തില്‍ മറഞ്ഞുകിടന്ന കേരള ജനതയ്ക്കാകെ വഴികാട്ടിയ മഹാത്മാവുമാണ്.
സാധുജനങ്ങളെ അടിമകളാക്കിയ രാജാധിപത്യത്തിന്റെ ദുര്‍ഘടപാതയിലൂടെ നിഷേധത്തിന്റെ വില്ലുവണ്ടി പായിച്ചു അയ്യന്‍കാളി. 1898ല്‍ ബാലരാമപുരത്ത് രാജപാതയിലൂടെ ചങ്കൂറ്റത്തോടെ പാഞ്ഞ അയ്യന്‍കാളിയുടെ വില്ലുവണ്ടി ഒരു പുതിയ അധ്യായം രചിക്കുകയായിരുന്നു. ആ വില്ലുവണ്ടി കേരളത്തിന്റെ ഭാവിയിലേക്കാണ് സഞ്ചരിച്ചത്. രാജപാതയില്‍ വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്.
advertisement
1865ല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പൊതുനിരത്തില്‍ ചക്രം പിടിപ്പിച്ച വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതി നല്കി ഉത്തരവിറക്കിയിരുന്നു. പിന്നീട് 1870ല്‍ എല്ലാവഴികളും എല്ലാവിഭാഗം ജനങ്ങള്‍ക്കും നിരുപാധികം ഉപയോഗിക്കാന്‍ അനുമതിനല്‍കി. എന്നാല്‍, രാജപാതയില്‍ അവര്‍ണര്‍ക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നില്ല അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്ര. തിരുവിതാംകൂറിലെ 1.67 ലക്ഷം അടിമകളുടെ ആത്മാഭിമാനം ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയെത്തുടര്‍ന്ന് സമൂഹത്തിലുണ്ടായ അവംബോധത്തിന്റെ തുടര്‍ച്ചയായിരുന്നു ആ സമരം.
കേരളത്തിലെ ചരിത്രത്തിലെ ആദ്യത്തെ പണിമുടക്ക് സമരം നടത്തിയതും അയ്യന്‍കാളിയാണ്. അവര്‍ണര്‍ക്ക് അക്ഷരം പഠിക്കാന്‍ തിരുവിതാംകൂര്‍ രാജാവിന്റെ ഉത്തരവുണ്ടായിരുന്നിട്ടുകൂടി സവര്‍ണ മാടമ്പിമാര്‍ അതിനനുവദിച്ചിരുന്നില്ല. അതിനെതിരെയായിരുന്നു പണിമുടക്ക്. പഞ്ചമി എന്ന പെണ്‍കുട്ടിയെ വിദ്യ അഭ്യസിക്കാന്‍ അനുവദിച്ചില്ല. പാഠം പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പാടത്ത് പണിക്കില്ലെന്ന് അയ്യന്‍കാളി പ്രഖ്യാപിച്ചു. കര്‍ഷകത്തൊഴിലാളികള്‍ ധീരമായി പണിമുടക്കി. ഒന്നരക്കൊല്ലം പാടങ്ങള്‍ തരിശുകിടന്നു. ആ മഹാത്മാവിന്റെ സ്മരണ ഇന്നത്തെ നമ്മുടെ പോരാട്ടത്തിനുള്ള അളവറ്റ ഊര്‍ജം തന്നെയാണ്.