Mamangam review: അങ്കക്കലിയുടെയും, അടിതടവുകളുടെയും ചരിത്രം ചിത്രമാവുമ്പോൾ
- Published by:meera
- news18-malayalam
Last Updated:
Read Mamangam movie full review | മരണത്തിന് വീര പരിവേഷം രചിച്ച് ജീവിച്ചിരുന്ന ചാവേർ പോരാളികളുടെ പ്രതിനിധികളായ ചന്ദ്രോത്ത് കുടുംബത്തിലെ ആൺ തരികളിലൂടെ മാമാങ്കം അനാവൃതമാവുന്നു | റിവ്യൂ: മീര മനു
advertisement
1/8

നിളയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ അരങ്ങേറുന്ന മാമാങ്കം മഹോത്സവത്തിൽ സാമൂതിരിയുടെ തലയറുക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന വള്ളുവക്കോനാതിരിയുടെ വള്ളുവനാട്ടിലെ പുരുഷന്മാർ. തങ്ങൾക്ക് നഷ്‌ടപ്പെട്ട മാമാങ്കത്തിന്റെ അധികാരം സാമൂതിരിയിൽ നിന്നും പിടിച്ചെടുക്കാൻ ഓരോ മാമാങ്ക മഹോത്സവത്തിനും ഇവർ ചാവേറുകളായി ഇറങ്ങി പുറപ്പെടുന്നത് പതിവായിരുന്നു. പോരാട്ടത്തിൽ ജീവൻ നഷ്‌ടപ്പെട്ടാൽ അത് ധീരതയായി കണക്കാക്കിപ്പോന്നു. ജീവൻ നഷ്‌ടപ്പെട്ട ശരീരങ്ങൾ ചാവേർത്തറയിൽ നിന്നും വള്ളുവനാട്ടിലേക്ക് എത്തുക പതിവില്ലായിരുന്നു. മരണത്തിന് വീര പരിവേഷം രചിച്ച് ജീവിച്ചിരുന്ന ചാവേർ പോരാളികളുടെ പ്രതിനിധികളായ ചന്ദ്രോത്ത് കുടുംബത്തിലെ ആൺ തരികളിലൂടെ 17, 18 നൂറ്റാണ്ടുകളിൽ നടന്ന മാമാങ്കത്തിന്റെ കഥ പറയുകയാണ് ഈ മമ്മൂട്ടി ചിത്രം
advertisement
2/8
ചന്ദ്രോത്ത് വലിയ പണിക്കർ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വീര പരിവേഷത്തിലൂടെ ആരംഭിക്കുന്ന മാമാങ്കം ,അടവുകളും പടവുകളുമായി പ്രേക്ഷകർക്ക് മുൻപിൽ ഏടുകൾ ഓരോന്നായി തുറന്ന് മുന്നേറുന്നു
advertisement
3/8
വലിയ പണിക്കരുടെ പരമ്പരയിലെ ഇളയ കണ്ണിയായ ചന്ദ്രോത്ത് പണിക്കരും (ഉണ്ണി മുകുന്ദൻ) ഇയാളുടെ അന്തരവനായ ചന്തുണ്ണിയും (മാസ്റ്റർ അച്യുതൻ) തങ്ങളുടെ പൂർവികർ ജീവൻ വെടിഞ്ഞ ചാവേർ തറയിൽ സാമൂതിരിയുടെ തലയരിയാൻ പുറപ്പെടുന്നതിലൂടെ മറ്റൊരു മാമാങ്കം മഹോത്സവവും നാട്ടുരാജാക്കന്മാരുടെ പകയും മത്സരവും ചതിയും ഫ്രയിമുകളിലൂടെ വിരിയുന്നു. ചരിത്ര സിനിമ എന്നതിലുപരി ചരിത്രവും സങ്കൽപ്പവും ഇടകലർത്തിയ കലാസൃഷ്‌ടിയെന്ന അവകാശപ്പെടലിലൂടെ അഭ്രപാളികളിലേക്ക്
advertisement
4/8
പ്രേക്ഷകർക്ക് ട്രെയ്‌ലർ നൽകിയ പ്രതീക്ഷകൾ മങ്ങലേൽക്കാതെ തന്നെ തിയേറ്ററിലും എത്തിയിട്ടുണ്ട് എന്ന് പറയാം. ഒരു വടക്കൻ വീരഗാഥയിലും, പഴശ്ശി രാജയിലും വീരപുരുഷനായി കണ്ട മമ്മൂട്ടി വർഷം പലത് കഴിഞ്ഞിട്ടും പ്രേക്ഷകരെയും ആരാധകരെയും നിരാശരാക്കിയില്ല എന്ന് മാത്രമല്ല, തന്റെ കഥാപാത്രത്തിന് തീർത്തും ഒളിമങ്ങാതെ മിഴിവേകാനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നന്നു. എന്നാലും മമ്മുക്ക പ്രേക്ഷകരെ ഒരു കാര്യം പറഞ്ഞ് പറ്റിച്ചു. 'ഉണ്ണി മുകുന്ദന് പ്രേമമുണ്ട്, ഫൈറ്റുണ്ട്, പാട്ടുണ്ട്. ഒന്നും എനിക്കില്ല' എന്ന് മ്യൂസിക് ലോഞ്ചിനിടെ പറഞ്ഞ മമ്മുക്ക നല്ല അസൽ ആക്ഷനും പാട്ടും മാത്രമല്ല, ഡാൻസും പയറ്റിയിട്ടുണ്ട്
advertisement
5/8
ഈ വർഷം പുറത്തിറങ്ങിയ മിഖായേലിന് ശേഷം വമ്പൻ വേഷങ്ങളിൽ കാണാതിരുന്ന ഉണ്ണി മുകുന്ദന്റെ കാത്തിരിപ്പ് എന്തിനു വേണ്ടിയായിരുന്നു എന്ന് മാമാങ്കം ഉത്തരം തരും. ഇനി ഒരിക്കലും പ്രേക്ഷകരുടെ 'മസിലളിയനെ' പഴയ ചോക്ലേറ്റ് പയ്യനായി കാണാനാവില്ല. ജിമ്മിൽ മസിൽ പിടിക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ, അടിതടവുകൾ സ്വായത്തമാക്കുന്നതിൽ ഉണ്ണി നടത്തിയ ആത്മസമർപ്പണമാണ് മാമാങ്കത്തിൽ എടുത്തു പറയേണ്ടത്. അതുപോലെ തന്നെ അടുത്തിടെയായി മലയാള ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായ സിദ്ധിഖ്, ആന്റി-ഹീറോ പരിവേഷത്തിൽ തന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് കൂടി പ്രേക്ഷകർക്കായി നൽകുന്നു എന്നതും സവിശേഷത. ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ അത്യന്ത്യം പ്രാധാന്യം അർഹിക്കുന്ന കഥാപാത്രമാവാൻ സാധിക്കുന്ന, നായകന്മാർ അല്ലാത്ത മറ്റൊരു കഥാപാത്രം, അദ്ദേഹത്തിന് മാത്രം സ്വന്തം
advertisement
6/8
ചിത്രത്തിലെ നായകൻ അഥവാ നായകന്മാർ ആരെന്ന് ചോദിച്ചാൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നീ പേരുകൾ ആയിരുന്നു റിലീസിന് മുൻപ് പ്രേക്ഷകർക്ക് പരിചിതമെങ്കിൽ, സിനിമ കണ്ടിറങ്ങുമ്പോൾ ചേർത്ത് വയ്ക്കാൻ ഒരാൾ കൂടിയുണ്ടാവും; മാസ്റ്റർ അച്യുതൻ. ഒരു തലമുതിർന്ന താരത്തിനും യുവതാരത്തിനും ഒപ്പം കിടപിടിക്കുന്ന അഭിനയവും പ്രകടനവും കാഴ്ചവച്ച അച്യുതനെ, ബാല താരങ്ങൾക്ക് നൽകുന്ന സ്ഥിരം മാസ്റ്റർ അഭിസംബോധനക്ക് മറ്റൊരു മാനം നൽകുന്നു. മെയ്‌വഴക്കവും കയ്യടക്കവും പുലർത്തി ഒരു കുട്ടിയെന്ന നിലയിൽ മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനുമൊപ്പം ഫ്രയിമുകളിൽ നിറയുമ്പോൾ, 'മാസ്റ്റർ' എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന നിലയിലേക്ക് അച്യുതൻ ഉയർന്നിരിക്കുന്നത് വ്യക്തം. ബാലതാരത്തെ അളക്കുന്ന അളവുകോലുകൾ മാറ്റി വച്ച് അച്യുതന് വേണ്ടി മുതിർന്ന താരങ്ങൾക്കുള്ള മുഴുക്കോൽ തന്നെ എടുക്കേണ്ടി വരും, തീർച്ച
advertisement
7/8
സ്ത്രീകഥാപാത്രങ്ങളായി മലയാളി പ്രേക്ഷകർക്ക് പരിചിതരായ മുഖങ്ങളെയാണ് വെള്ളിത്തിരയിൽ കാണാനാവുക. കനിഹ, അനു സിതാര, കവിയൂർ പൊന്നമ്മ, നിലമ്പൂർ ആയിഷ, വത്സല മേനോൻ, ടി. പാർവതി, സജിതാ മഠത്തിൽ, ഇനിയ ഒപ്പം പ്രാചി ടെഹ്‌ലാൻ എന്ന മലയാളത്തിലെ പുതുമുഖവും. 'പ്രേമിക്കാൻ ഒരു പെണ്ണ് വേണം' എന്നനിലയിൽ ഒതുങ്ങി പോകാതെ, അക്കാലങ്ങളിൽ സമൂഹത്തിൽ സ്ത്രീകൾ കടന്നു പോയിരുന്ന സ്ഥിതിഗതികളെ വരച്ചിടാൻ ഈ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ഓരോരുത്തർക്കും ചുമതലയുണ്ട്. മാമാങ്കത്തിന് പടവെട്ടി മരിച്ച പുരുഷന്മാരുടെ വിധവകളും, മക്കൾ നഷ്‌ടപ്പെട്ട അമ്മമാരും, മടിശീലയിലെ പണം കുടഞ്ഞിടുന്ന പ്രമാണിമാർക്ക് മുൻപിലെ നിഴൽപ്പാവകളാവാൻ വിധിക്കപ്പെട്ട നർത്തകികളും കൂച്ചുവിലങ്ങാൽ ബന്ധിക്കപ്പെട്ട സ്ത്രീയുടെ സ്വത്വത്തിന് മേൽ ഒരുകാലത്തു നിലനിന്നു പോന്ന വ്യവസ്ഥകളുടെ നേർചിത്രമാകുന്നു
advertisement
8/8
ഒരു പിരീഡ് ആക്ഷൻ ഡ്രാമക്കുള്ള പ്രധാന ചേരുവകളായ ഫൈറ്റ്, ആക്ഷൻ, സെറ്റ് എന്നിവയെ ചിത്രം കുറ്റമറ്റ രീതിയിൽ തന്നെ സമീപിച്ചിട്ടുണ്ട്. ക്യാമറാക്കണ്ണുകൾ മിഴി ചിമ്മാതെ ഇവ ഒപ്പിയെടുക്കാൻ കാട്ടിയ ശ്രദ്ധയും വെളിവാകുന്നു. ഒപ്പം ഡയലോഗുകളും കൂടി ചേരുമ്പോൾ സ്‌ക്രീനിന് മുന്നിൽ ഏതാനും മണിക്കൂറുകൾ മുഷിയാതെ പ്രേക്ഷകന് ചിലവിടാൻ സാധിക്കുന്ന ഫോർമുലകൾ തയാറായിക്കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
Mamangam review: അങ്കക്കലിയുടെയും, അടിതടവുകളുടെയും ചരിത്രം ചിത്രമാവുമ്പോൾ