മലപ്പുറം: മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യൂവിന്‍റെ പേരിൽ പുറത്തിറക്കിയ കോളേജ് മാഗസിൻ കത്തിച്ചു. മലപ്പുറം എടക്കര പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലാണ് സംഭവം. ഇന്നു രാവിലെ ഒമ്പതരയോടെയാണ് പത്തോളം വരുന്ന കാംപസ് ഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവർത്തകരാണ് കോളേജ് മാഗസിൻ കത്തിച്ചത്. കോളേജിലേക്ക് വരുന്ന റോഡിലായിരുന്നു സംഭവം. വിദ്യാർഥികളും നാട്ടുകാരും ഓടിക്കൂടിയതോടെ സംഘം അവിടനിന്ന് പോകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
മാഗസിൻ കത്തിച്ച് പാലേമാട് ശ്രീ വിവേകാനന്ദ കോളേജിൽ കാംപസ് ഫ്രണ്ട് നടത്തിയ പ്രതിഷേധം
പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ 2017-18 വർഷത്തെ കോളേജ് മാഗസിന് അഭിമന്യൂ എന്നാണ് പേരിട്ടത്. അഭിമന്യൂവിന്‍റെ കവർ ചിത്രത്തോടെ പ്രസിദ്ധീകരിച്ച കോളേജ് മാഗസിനിൽ വർഗീയത തുലയട്ടെ എന്ന പേരിൽ ലേഖനവുമുണ്ട്. ഇതുകൂടാതെ ഗൌരി ലങ്കേഷ്, ജിഷ്ണു പ്രണോയ് എന്നിവരെക്കുറിച്ചും മാഗസിനിൽ ഫീച്ചറുകളുണ്ട്.
അഭിമന്യൂവിന്‍റെ പേരിലുള്ള അക്ഷരങ്ങളെപ്പോലും മതതീവ്രവാദികൾ ഭയക്കുന്നുവെന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവമെന്ന് എസ്.എഫ്.ഐ എടക്കര ഏരിയാ സെക്രട്ടറി എ അനസ് ന്യൂസ്18നോട് പറഞ്ഞു. ഓഗസ്റ്റ് 16ന് നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനപൂർവ്വം പ്രശ്നം സൃഷ്ടിക്കുകയാണ് കാംപസ് ഫ്രണ്ടിന്‍റെ ലക്ഷ്യമെന്ന് ഇതിന് എൻ.ഡി.എഫ് ക്രിമിനലുകളുടെ ഒത്താശയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ