നാൻ പെറ്റ മകൻ താൻ കണ്ടിരുന്നുവെന്നും അഭിമന്യുവിനേയും അവന്റെ നാടിനെയും കോളജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്ന് മണി പറയുന്നു. അഭിമന്യു എത്രത്തോളം നന്മ നിറഞ്ഞവനായിരുന്നുവെന്ന് ചിത്രം ഓർമിപ്പിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗീയതയെ ഇല്ലാതാക്കാനും മനുഷ്യസ്‌നേഹത്തെ ഉയർത്തിപ്പിടിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവരും കുംടുംബത്തോടൊപ്പം സിനിമ തിയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണമെന്നും മണി കുറിച്ചു. ഇതിന് താഴെയാണ് അഭിമന്യുവിന്റെ അമ്മാവൻ ലോകൻ കമന്റിട്ടത്. അഭിമന്യു മരിച്ചിട്ട് ഒരു വർഷം തികയാൻ പോകുകയാണെന്നും പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അഭിമന്യുവിന്റെ അമ്മാവൻ പറയുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയിൽ നിന്നും മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കമന്റിൽ പറഞ്ഞു.
advertisement
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എറണാകുളം മഹാരാജാസ് കോളജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാൻ പെറ്റ മകൻ എന്ന സിനിമ ഇപ്പോൾ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സിനിമ ഞാൻ കണ്ടിരുന്നു. അഭിമന്യുവിനേയും അവന്റെ നാടിനേയും കോളജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമയിൽ. എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ചിത്രം നമ്മെ ഓർമ്മിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗീയതയെ ഇല്ലാതാക്കാനും മനുഷ്യസ്‌നേഹത്തെ ഉയർത്തിപ്പിടിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൃദയസ്പർശിയാണ് ഈ സിനിമ. എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന നല്ല ഒരു കുടുംബചിത്രം കൂടിയാണ് ‘നാൻ പെറ്റ മകൻ'. എല്ലാവരും കുംടുംബത്തോടൊപ്പം ഈ സിനിമ തിയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണം.