ചന്ദ്രയാൻ -2 ദൌത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൌലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ അന്നാ മാണിയെ ആരും സ്മരിക്കാതിരുന്നത് ദൌർഭാഗ്യകരമായി പോയി. ഇന്ത്യൻ മീറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നും ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച അന്നാ മാണി അന്തരീക്ഷപഠനത്തിൽ മികച്ച സംഭാവന നൽകിയിരുന്നു. 1963 ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുന്ന അവസരത്തിൽ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരം കേരളത്തിലെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠന സംവിധാനങ്ങൾ ഒരുക്കിയത്.
advertisement
1918 ആഗസ്റ്റ് 23 ന് പീരുമേട്ടിലാണ് അന്നാ മാണി ജനിച്ചത്. മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ നിന്നും 1939 ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബി എസ് സി ഓണേഴ് സ് ബിരുദം നേടിയ അവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ സി വി രാമന്റെ ശിക്ഷണത്തിൽ ഗവേഷണം നടത്തി. അന്ന് അവിടെ ഗവേഷകനായിരുന്ന മലയാളിയായ പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ കെ ആർ രാമനാഥനും അന്നയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി. ഓണേഴ് സ് ഡിഗ്രി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നയ്ക്ക് മദ്രാസ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചു. എന്നാൽ ഗവേഷണത്തിന്റെ മൗലികത കണക്കിലെടുത്ത് ഇപ്പോഴും ബാംഗ്ലൂരിലെ രാമൻ ആർക്കേവ്സിൽ അന്നയുടെ പ്രബന്ധം സൂക്ഷിച്ചിട്ടുണ്ട്.
ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ നിന്നും അന്തരീക്ഷപഠനത്തിൽ ഉപരിപഠനം നടത്തി ഇന്ത്യയിൽ തിരികെ എത്തിയ അന്നാ മാണി ഇന്ത്യൻ മീറ്റിരിയോളജിക്കൽ ഡിപ്പാർട്ട് മെന്റിൽ ചേരുകയും 1976 ൽ ഡപ്യൂട്ടി ഡയറക്ടറായി ജോലിയിൽ നിന്നും വിരമിക്കയും ചെയ്തു. ഇക്കാലയളവിൽ ഇന്ത്യൻ അന്തരീക്ഷപഠനത്തിൽ അവർ മികച്ച സംഭാവനകൾ നൽകയും ഒട്ടനവധി നവീന മേഖലകളിലേക്ക് അന്തരീക്ഷ ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിക്കയും ചെയ്തു.
അക്കാലത്ത് അന്തരീക്ഷപഠനത്തിനുള്ള പ്രാഥമിക ശാസ്ത്രീയ ഉപകരണങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നിർമ്മിച്ചിരുന്നില്ല. ഉപകരണങ്ങളെല്ലാം വലിയ വില നൽകി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. അന്നാ മാണിയുടെ നേതൃത്വത്തിൽ അന്തരീക്ഷപഠന ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു. മാത്രമല്ല ഇതോടൊപ്പം ഇന്ത്യൻ ഉപകരണങ്ങളുടെ മാനകീകരണം (Standardisation) നിർണ്ണയിക്കുന്നതിനുള്ള സംരംഭത്തിനും തുടക്കം കുറിച്ചു. ഇതിന്റെയെല്ലാം ഫലമയാണ് അന്തരീക്ഷപഠനത്തിൽ ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞത്.. പിൽക്കാലത്ത് ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം കെട്ടിപ്പടുത്തതിന്റെ പൂർണ്ണമായ ബഹുമതിയും അന്നാമാണിക്കവകാശപ്പെട്ടതാണ്.
സൗരോർജ്ജ വികിരണത്തെ സംബന്ധിച്ച് അന്നാ മാണി രചിച്ച രണ്ട് ഗ്രന്ഥങ്ങൾ (Hand Book of Solar Radiation Data for India 1980, Solar Radiation Over India 1981) ഇന്നും ഈ വിഷയത്തിൽ ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്ര ഗ്രന്ഥങ്ങളാണ്. ഇന്ത്യയിലെ പനവനോർജ്ജ സാധ്യതയെ സംബന്ധിച്ച് അവർ ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥവും (Wind Energy Data of India 1983) പ്രസിദ്ധീകരിച്ചിരുന്നു. ഇന്റർനാഷണൽ റേഡിയേഷൻ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ഇന്ത്യൻ അക്കാദമി ഓഫെ സയൻസസ് എന്നിവയിൽ അംഗമായിരുന്നതിന് പുറമേ അവർ അഞ്ചുവർഷത്തോളം കറന്റ് സയൻസ് അക്കാദമി പ്രസിഡന്റുമായിരുന്നു.
ഗാന്ധിജിയുടെ ആരാധികയായിരുന്ന അന്നാ മാണി സ്വജീവിതത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടർന്നിരുന്നു. ജീവിതാവസാനം വരെ ഖദർ വസ്ത്രം മാത്രമാണ് അവർ ഉപയോഗിച്ചിരുന്നത്. മറ്റൊരു പ്രശസ്ത മലയാളി ശാസ്ത്രജ്ഞ ഇ കെ ജാനകിയമ്മാളിനെ പോലെ ശാസ്ത്രത്തെ ജീവിത പങ്കാളിയായി വരിച്ച അന്നാ മാണിയും അവിവാഹിതയായിട്ടാണ് ജീവിച്ചത്. 2001 ആഗസ്റ്റ് 16 ന് ആ മഹാപ്രതിഭ തിരുവനന്തപുരത്ത് വച്ച് നിര്യാതയായി.