TRENDING:

സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങൾ

Last Updated:

"സീസൺ കഴിഞ്ഞിരിക്കുന്നു. ഈ പൂക്കൾക്ക് ഇനി ഏറിയാൽ ഒരാഴ്ച ആയുസ്സ് ..." ഒപ്പമുള്ള സുഹൃത്ത് പറഞ്ഞു. ഇതൾ കൊഴിഞ്ഞ്,  മൂത്ത് തുടങ്ങിയ സൂര്യകാന്തിപ്പൂക്കളുടെ അസംഖ്യം കറുത്ത വിത്തുകൾ പാകമായിക്കഴിഞ്ഞു... അവയുടെ കരിങ്കണ്ണുകൾ പുറത്തേക്ക് തുറിച്ചു നിന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാർളി ബെഞ്ചമിൻ
advertisement

സുന്ദരപാണ്ഡ്യപുരത്തെ  സൂര്യകാന്തികൾ തല കുമ്പിട്ടു നിന്നു. ആസന്ന മരണത്തിന്റെ ചരമഗീതം പോലെ കാറ്റിൽ അവ ഇളകിയാടി. അങ്ങകലെ അസംഖ്യം കാറ്റാടി യന്ത്രങ്ങൾ തലയുയർത്തി മെല്ലെ... മെല്ലെ കറങ്ങി. വെളിച്ചത്തെയും സൂര്യനെയും സൂര്യകാന്തി പൂക്കളെയും പ്രണയിച്ച ആ മഹാനായ വിൻസൻറ് വാൻഗോഗ് എന്ന ചിത്രകാരന്റെ വിഭ്രാന്തി പോലെ മനസ്സിലേക്ക് വർണ്ണങ്ങളുടെ മായാപ്രപഞ്ചം പീലിക്കാവടി വിടർത്തിയാടി.

"സീസൺ കഴിഞ്ഞിരിക്കുന്നു. ഈ പൂക്കൾക്ക് ഇനി ഏറിയാൽ ഒരാഴ്ച ആയുസ്സ് ..." ഒപ്പമുള്ള സുഹൃത്ത് പറഞ്ഞു. ഇതൾ കൊഴിഞ്ഞ്,  മൂത്ത് തുടങ്ങിയ സൂര്യകാന്തിപ്പൂക്കളുടെ അസംഖ്യം കറുത്ത വിത്തുകൾ പാകമായിക്കഴിഞ്ഞു... അവയുടെ കരിങ്കണ്ണുകൾ പുറത്തേക്ക് തുറിച്ചു നിന്നു.

advertisement

പേര്  പോലെ തന്നെ സുന്ദരമാണ് തമിഴ്നാട്ടിലെ തെങ്കാശിക്കു അടുത്തുള്ള സുന്ദരപാണ്ഡ്യപുരം. ഗ്രാമീണ ഭംഗി  ഇണചേർന്നുനിൽക്കുന്ന ഒരു സുന്ദര കാർഷിക ഗ്രാമമാണ് ഇവിടം. സൂര്യകാന്തി പൂക്കൾക്ക് പുറമെ വെണ്ട, തക്കാളി, വെള്ളരി, ചോളം, പച്ചമുളക്, നെല്ല്, വാഴ, ബീറ്റ്റൂട്ട്, അമര, സവാള തുടങ്ങിയവ ഉൾപ്പെടെ നിരവധി കൃഷികളുള്ള മേഖലയാണിത്. ഈ കൃഷിക്കാഴ്ചകൾ കൂടി കാണുമ്പോഴേ ഈ യാത്ര സഫലമാകൂ.

advertisement

നല്ല കാറ്റ് വീശുന്ന സ്ഥലമായതിനാൽ എവിടെ നോക്കായാലും നിരവധി കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഈ വിൻഡ് മില്ലിൽ നിന്നും വൻ തോതിൽ വൈദ്യുതി ഉൽപാദനം നടക്കുന്നു. നോക്കെത്താ ദൂരം വരെയുള്ള സൂര്യകാന്തി പാടങ്ങളുടെ പശ്ചാത്തലത്തിൽ ഭീമൻ  കാറ്റാടി യന്ത്രങ്ങൾ കറക്കുന്നത് ഏത് സഞ്ചാരിയെയും ആകർഷിക്കുന്ന ചേതോഹരമായ ഒരു കാഴ്ചയാണ്.

മലയാളിക്ക് അന്യമാകുന്ന  മലയാളത്തിന്റെ തനി പകർപ്പായ തെങ്ങിൻ തോപ്പുകളും കവുങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും കൺനിറയെ ഇവിടെ കാണാൻ സാധിക്കും. ഈ പ്രകൃതി ഭംഗി നിരവധി ചലച്ചിത്രങ്ങൾക്കു നിറച്ചാർത്ത് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ ശരത്കാലത്തെ വരവേൽക്കാൻ പൊന്നിൽ കുളിച്ചിനിൽക്കുന്ന സൂര്യകാന്തിപാടങ്ങളാണ് ഈ പ്രദേശത്തെ സ്വർഗമാകുന്നത്. ഇവിടെവന്നു പോകുന്നവർക്ക് ഓർമയിൽ സൂക്ഷിക്കാൻ സൂര്യകാന്തി പാടങ്ങൾ മാത്രമല്ല ഉള്ളത്. അന്യൻ പാറയും (അന്യൻ, റോജ  സിനിമകൾ ചിത്രീകരിച്ച പാറ), മറ്റ് നിരവധി പാറകളും, കുന്നുകളും, തടാകങ്ങളും മറ്റ് അസംഖ്യം കൃഷികളും നിലക്കാത്ത കാറ്റും തിരിച്ചുള്ള യാത്രയിലും നമ്മോട്  ഒപ്പം കൂടും.

advertisement

തെങ്കാശിയിൽ നിന്ന് കേവലം പതിമൂന്നു കിലോമീറ്ററാണ് സുന്ദരപാണ്ഡ്യപുരത്തേക്കുള്ള ദൂരം. അവിടേക്ക് അടുക്കും തോറും റോഡിനു ഇരുവശവും പൊന്നിൻ പട്ടുടുത്തുനിൽക്കുന്ന സൂര്യകാന്തി സുന്ദരികളെ കാണാം. വീണ്ടും കുറച്ചുകൂടി സഞ്ചരിച്ചുകഴിഞ്ഞാൽ കണ്ണെത്താ ദൂരത്തേക്ക് നീണ്ടു കിടക്കുന്ന പാടങ്ങൾ കാണാം.

സൂര്യകാന്തി പൂക്കൾ ഒരു ഇടകൃഷിയാണ് ഇവിടെ. നല്ല വളർച്ചയുള്ള 15  പൂവുകളിൽ നിന്നും ഒരു കിലോയോളം വിത്തുകൾ ലഭിക്കും. അതിൽനിന്ന് 600 മില്ലീ ലിറ്റർ എണ്ണ കിട്ടും. ഇവിടെ എത്തുമ്പോൾ  സൂര്യകാന്തി പൂക്കളുടെ സീസൺ ഏറെക്കുറെ  ഇവിടെ  അവസാനിച്ചു കഴിഞ്ഞിരുന്നു. എങ്കിലും വിടരാൻ വൈകിയ പൂക്കളുള്ള പാടങ്ങൾ അങ്ങിങ്ങായി കുറെക്കാണാൻ കഴിഞ്ഞു.

advertisement

നിലമുഴുത് വിത്തുവിതച്ചാൽ മൂന്നുമാസം കൊണ്ട് നാലടിയോളം ഉയരത്തിലെത്തുന്ന ചെടിയിൽ മൊട്ടുകൾ വന്നുതുടങ്ങും. പൂക്കൾ ഉണങ്ങിത്തുടങ്ങുന്നതോടെ നെല്ല് കൊയ്യുന്ന യന്ത്രമുപയോഗിച്ച് കൊയ്തുമാറ്റുകയും പൂക്കളുടെ ഇതളുകളും നടുക്കുള്ള വിത്തുകളും വെവ്വേറെയാക്കുകയും ചെയ്യുന്നു. ഒരേക്കറിൽനിന്ന് ഏകദേശം മുന്നൂറ്  കിലോ പൂക്കൾ കിട്ടുമെന്നും അതിന്  7,000 രൂപ ലഭിക്കുമെന്നും കർഷകർ പറയുന്നു.

ഇട റോഡുകളിലൂടെ യാത്ര ചെയ്താൽ തമിഴ് കർഷക ഗ്രാമങ്ങളുടെ നേർ ചിത്രം കാണാം. സൂര്യകാന്തികൾ വിടചൊല്ലിയ പാടങ്ങളിൽ അസംഖ്യം വെണ്ടകൾ പൂവിട്ടിരിക്കുന്നു...!  ചോളപ്പൂക്കൾ വെഞ്ചാമരം വീശുന്നു... അത്  മറ്റൊരു ചാരുതയാർന്ന കാഴ്ച.  ഈ  പാടങ്ങൾ  കഴിയുമ്പോഴേക്ക് തക്കാളിയും വെള്ളരിയും മുളകും കാണാം. പ്രകൃതി  വിശാലമായ കാൻവാസിൽ ഒരു ഓണപ്പൂക്കളം ഒരുക്കിയിരിക്കുകയാണിവിടെ. കറുത്തിരുണ്ട കുറെ മനുഷ്യർ  വിയർപ്പ് വീണ് കനക ശോഭയാർന്ന മണ്ണാണിത്. ഈ ഓരോ പൂക്കളും അവരുടെ കണ്ണിലെ നക്ഷത്ര ശോഭയാണ്.

മടങ്ങാൻ തുടങ്ങുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. ഫ്രാൻസിലെ ഒയേഴ്സ് സർ ഒയ്‌സിൽ സൂര്യകാന്തി പൂക്കളാൽ മൂടപ്പെട്ട

ശ്മശാനത്തിൽ അന്ത്യാവിശ്രമം കൊള്ളുന്നു ആ മഹാനായ ചിത്രകാരൻ വാൻഗോഗ് വീണ്ടും ഓർമ്മയിൽ നിറഞ്ഞു. പട്ടിണിയും പരിവട്ടവുമായി ഭ്രാന്തൻ ജീവിതം നയിച്ച് 37ാം വയസിൽ വിട പറഞ്ഞ ജീവിതം. ഒമ്പത് വർഷത്തെ ചിത്രകലാ ജീവിതത്തിൽ 811 ചിത്രങ്ങൾ..! അതിൽ നിരവധി സൂര്യകാന്തിപ്പൂക്കൾ..!!  കാമുകിക്ക് ചെവിയറുത്ത് നൽകിയ ഭ്രാന്തൻ എന്ന് ലോകം വിളിച്ചയാളുടെ  ഒരു സൂര്യകാന്തി ചിത്രത്തിന്റെ വില  ഇന്ന് 700 കോടി രൂപയോളം വില !.  അകാലത്തിൽ പൊലിഞ്ഞ ആ   പ്രതിഭക്ക് സമർപ്പണമായി  ആയിരം വർണങ്ങൾ അലിഞ്ഞുചേർന്ന ആ  പാടത്തിൽ നിന്ന് ഒരു  കുഞ്ഞു സൂര്യകാന്തി പൂവിനെ മനസ്സാ സമർപ്പിച്ചു

മടങ്ങി...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങൾ