തുടക്കം മുതൽ ഇമോജികൾ മഞ്ഞനിറത്തിലായിരുന്നുവെങ്കിലും ഇപ്പോൾ ഇമോജിയുടെ നിറം മാറ്റുന്നതിനുള്ള ഓപ്ഷനുകളും ലഭ്യമാണ്. എങ്കിലും ആദ്യം ലഭിക്കുന്നത് മഞ്ഞനിറത്തിൽ തന്നെയാണ്. കൂടുതൽ പേർ ഉപയോഗിക്കുന്നതും പഴയ അതേ മഞ്ഞനിറത്തിലുള്ള ഇമോജിയാണ്. വ്യത്യസ്ത വികാരങ്ങൾ സംവദിക്കുന്നതിന് വേണ്ടി പുതിയ ഇമോജികൾ ഇടയ്ക്കിടെ രംഗപ്രവേശനം ചെയ്യുന്നുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിലെ ചാറ്റുകൾ ഇതില്ലാതെ പൂർണതയിലെത്തുമെന്ന് നമുക്ക് ഒരിക്കലും തോന്നില്ല.
ഇമോജികളുടെ നിറം മഞ്ഞയായതിനെപ്പറ്റി ഇതുവരെ ആധികാരികമായ ഉത്തരമൊന്നും വിദഗ്ദർ നൽകിയിട്ടില്ല. എങ്കിലും മഞ്ഞനിറവുമായി ബന്ധപ്പെട്ടുള്ള ക്വോറയിലെ ചർച്ചയിലെ ചില ഉത്തരങ്ങൾ രസകരമാണ്. ചിലത് ഏകദേശം ശരിയാണെന്ന് തോന്നുകയും ചെയ്യും. അവയിൽ നിന്നെടുത്തിട്ടുള്ള കുറച്ച് മറുപടികൾ താഴെ ചേർക്കുന്നു:
advertisement
“മഞ്ഞ ഇമോജികൾ പ്രധാനമായും നമ്മുടെ ഐഡൻറിറ്റിയുമായി ചേർന്ന് കിടക്കുന്നു. അതിന് നമ്മുടെ ശരീരത്തിൻെറ നിറവുമായി വലിയ ബന്ധമുണ്ട്. നമ്മുടെ ശരീരത്തിൻെറ നിറം മഞ്ഞയായത് കൊണ്ടാണ് ഇമോജിയുടെ നിറവും മഞ്ഞയായിരിക്കുന്നത്. മഞ്ഞനിറം കാരണം നമുക്ക് ഇമോജികളോട് വല്ലാത്തൊരു അടുപ്പവും തോന്നും,” ഒരാളുടെ ഉത്തരം ഇങ്ങനെയാണ്.
“ഒരു വ്യക്തി ചിരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുമ്പോൾ അവൻെറയോ അവളുടെയോ മുഖത്തിൻെറ നിറം മഞ്ഞയായി മാറാറുണ്ട്. ഇത് കാരണമാണ് ഇമോജികളും സ്മൈലികളുമെല്ലാം മഞ്ഞനിറത്തിൽ ആയത്,” മറ്റൊരാളുടെ വ്യാഖ്യാനം ഇങ്ങനെ പോവുന്നു. മഞ്ഞനിറം സന്തോഷത്തെ സൂചിപ്പിക്കുന്നുവെന്നും കമൻറ് ഇട്ടയാൾ കൂട്ടിച്ചേർക്കുന്നു. “മഞ്ഞനിറത്തിൽ മുഖത്തെ ഭാവങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ മഞ്ഞയിൽ ഇമോജികളും സ്മൈലികളും വരുന്നത് കൊണ്ട് കൂടുതൽ വ്യക്തതയുണ്ട്,” മറ്റൊരാൾ അഭിപ്രായപ്പെട്ടു.
1999ൽ ഒരു ജാപ്പനീസ് മൊബൈൽ ഓപ്പറേറ്റിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറാണ് ആദ്യമായി ഇമോജി സൃഷ്ടിച്ചത്. മൊബൈൽ ഇന്റഗ്രേറ്റഡ് സർവീസായ ഐ-മോഡിന്റെ പ്രകാശനത്തിനായി ഷിഗെതക കുരിത എന്ന എഞ്ചിനീയർ ആണ് 176 ഇമോജികൾ സൃഷ്ടിച്ചത്. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഇമോജികൾ ആളുകളുടെ ആശയവിനിമയം കൂടുതൽ എളുപ്പമാക്കി എന്ന് വേണം പറയാൻ. എല്ലാ വർഷവും ജൂലൈ 17 ന് ലോകമെമ്പാടുമുള്ള ആളുകൾ ലോക ഇമോജി ദിനമായി ആഘോഷിക്കുന്നുണ്ട്. ഇമോജികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിൻെറ പ്രധാന ലക്ഷ്യം.