ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മെഹ്കര്‍-പണ്ഡര്‍പൂര്‍ പാല്‍ഖി ഹൈവേയിലെ റോഡരികിലുള്ള ഹോട്ടലില്‍ മൂന്നംഗ സംഘം ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണം കഴിച്ച ശേഷം ഇവര്‍ തങ്ങളുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നയിടത്തേക്ക് പോയി. ബില്ലടയ്ക്കാന്‍ ഹോട്ടല്‍ ജീവനക്കാരനോട് ക്യൂആര്‍ കോഡ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഹോട്ടല്‍ ജീവനക്കാരന്‍ എത്തിയപ്പോഴേക്കും സംഘം അദ്ദേഹത്തോട് തര്‍ക്കിച്ചു. ഈ സമയം രണ്ട് പേര്‍ കാറിലും ഒരാള്‍ പുറത്തുമായിരുന്നു നിന്നിരുന്നത്. തര്‍ക്കം മുറുകിയതോടെ കാറിന് പുറത്തുനിന്നയാള്‍ വേഗം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
advertisement
ഇവരെ തടയാനായി ഹോട്ടല്‍ ജീവനക്കാരന്‍ കാറിന്റെ ഡോറില്‍ പിടിച്ച് നിന്നു. എന്നാല്‍ അപ്പോഴേക്കും സംഘം കാര്‍ മുന്നോട്ടെടുത്തിരുന്നു. ഇതോടെ ജീവനക്കാര്‍ ഡോറില്‍ തൂങ്ങിനിന്നു. സംഘം ഒരു കിലോമീറ്ററോളം ഇദ്ദേഹത്തെ റോഡിലൂടെ വലിച്ചിഴച്ചു.
ഇതുകണ്ടെത്തിയ ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്‍ കാറിന് പിന്നാലെ പായുകയും കൈയ്യില്‍ കിട്ടിയൊരു ഇഷ്ടിക കാറിന് നേരെ വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും സംഘം കാര്‍ അമിത വേഗതയില്‍ ഓടിച്ചുപോകുകയായിരുന്നു.
പിന്നീട് ഹോട്ടല്‍ ജീവനക്കാരനെ സംഘം ബന്ദിയാക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ജീവനക്കാരനില്‍ നിന്ന് 11500 രൂപയും സംഘം തട്ടിയെടുത്തു. രാത്രി മുഴുവന്‍ ജീവനക്കാരനെ സംഘം ബന്ദിയാക്കി വച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.