പട്ടിത്തറ അരിക്കോട് കൊങ്ങശ്ശേരി വളപ്പിൽ ഉഷാനന്ദിനി (57)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 9:30- ഓടെയായിരുന്നു സംഭവം.
'ഉഷ മരിച്ചു. ഉഷയെ ഞാൻ കൊന്നു. അതിന് എന്തു ശിക്ഷവന്നാലും ഞാൻ അനുഭവിക്കാൻ തയ്യാർ'- എന്നാണ് കൊലപാതകത്തിന് ശേഷം മുരളീധരൻ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശം. തുടർന്ന്, ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിലാണ് ഉഷാനന്ദിനിയുടെ മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
advertisement
ശാരീരിക അവശതകളെത്തുടർന്ന് രണ്ടു മാസത്തിലേറെയായി ഉഷാനന്ദിനി കിടപ്പിലായിരുന്നു. ഇവരുടെ ശാരീരിക അവശതകളിൽ മനംനൊന്ത് മുരളീധരൻ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിങ് തൊഴിലാളിയാണ് മുരളീധരൻ.
താനാണ് ഉഷനന്ദിനിയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ ഷൊർണൂർ ഡിവൈഎസ്‌പി മനോജ്കുമാറിെന്റ നേതൃത്വത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തില‍്‍ കൂടുതൽ വ്യക്തത കൈവരൂ എന്ന് പോലീസ് പറഞ്ഞു.