മാപ്രാണം വർണ തിയേറ്ററിനു സമീപം വെള്ളിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. മരിച്ച രാജന്റെ വീട് തിയേറ്ററിനു സമീപത്താണ്. രാജനും മരുമകന്‍ വിനുവും പാർക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിച്ചു. പിന്നാലെ തർക്കവും ഉണ്ടായി. അതിനു ശേഷം തിയേറ്റർ നടത്തിപ്പുകാരനും 3 ജീവനക്കാരും ചേർന്ന് ഇവരുടെ വീട്ടിൽ കയറി ആക്രമണം നടത്തിയതായാണ് ആരോപണം.
advertisement
കത്തിയും വടിവാളുകളുമായി വീട്ടിൽ കയറിയ സംഘം രാജനെയും വിനുവിനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ് ഏറെ നേരം രക്തം വാർന്നുകിടന്ന രാജൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകന്‍ വിനുവിന് ബിയർ കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു. സംഭവത്തിനു ശേഷം തിയേറ്റർ നടത്തിപ്പുകാർ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.