പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയാണ് 15 കാരി ഉന്നയിച്ചത്. ബെംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയാണു പരാതിയുമായി രംഗത്തെത്തിയത്. അര്‍ധരാത്രിയില്‍ വിഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. വന്‍തോതില്‍ ആഭരണങ്ങളും മേക്കപ്പും അണിഞ്ഞായിരുന്നു ചിത്രീകരണം നടത്തിയത്. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയായിരുന്നു ഷൂട്ടിംഗെന്നും പെൺകുട്ടി വെളിപ്പെടുത്തി. നിത്യാനന്ദയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സംഭവനയിലൂടെ കണ്ടെത്താനും നിർബന്ധിച്ചു. വൻ തുകയാണ് ആവശ്യപ്പെട്ടത്. മൂന്നു ലക്ഷം മുതല്‍ എട്ട് കോടി വരെ സംഭാവന ഇനത്തിൽ കണ്ടെത്തണമെന്നായിരുന്നു ആവശ്യം, കൂടാതെ മഠത്തിന് സ്ഥലം കണ്ടെത്താനും ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ.
advertisement
അച്ഛനെയും അമ്മയെയും കുറിച്ചു മോശം രീതിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. വാർത്താ ഏജൻസി ആയ എഎൻഐ യാണ് വാർത്ത പുറത്ത് വിട്ടത്. തന്നെ രണ്ടു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടു. ആത്മീയ കാര്യ സാധ്യത്തിനാണ് ഇങ്ങനെ പൂട്ടിയിട്ടതെന്നാണ് ആശ്രമം വിശദീകരിച്ചതെന്നും പെൺകുട്ടി പറഞ്ഞു.
കേസുമായി മുന്നോട്ട് പോകുമെന്ന് പെൺകുട്ടിയുടെ കുടുംബം
ആശ്രമത്തിന്റെ നടപടിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. ആശ്രമത്തിൽ തടവിലായിരുന്ന പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ഒരു മാസം മുന്‍പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ മോചിപ്പിച്ചിരുന്നു. 19 വയസ്സുള്ള മൂത്ത സഹോദരി ഇപ്പോഴും തടവിലാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. 19 കാരിയെ തിരികെ ലഭിക്കുന്നതിനായി നീക്കങ്ങള്‍ തുടങ്ങിയതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.കേസില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.