കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതോടെയാണ് എ.വി ജോര്‍ജ് മാധ്യമ ശ്രദ്ധ നേടിയത്. ദിലീപിനെ നാടകീയമായി അറസ്റ്റു ചെയ്തതു മുതല്‍ തെളിവെടുപ്പ് നടത്തിയതില്‍ വരെ സജീവസാന്നിധ്യമായിരുന്നു എ.വി ജോര്‍ജ്. വിശ്വസ്തനാണെന്ന തോന്നല്‍ പ്രതിയിലുണ്ടാക്കി പൊടുന്നനെ ആക്രമിക്കുന്ന തന്ത്രമാണ് ജോര്‍ജ് സ്വീകരിച്ചതെന്ന് ദിലീപിന്റെ വിശ്വസ്തര്‍ അന്നുതന്നെ ആരോപിച്ചിരുന്നു. സൗഹൃദം നടിച്ച് എറണാകുളത്തെ അത്താണിയിലുള്ള സ്വകാര്യ ഗസ്റ്റ് ഹൗസില്‍ എത്തിച്ച് നാടകീയമായാണ് ദിലീപിനെ അന്നു കസ്റ്റഡിയില്‍ എടുത്തത്. സന്ധി സംഭാഷണമെന്ന പേരില്‍ നടനെ കൊണ്ടുതന്നെയാണ് എസ്.പി ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്യിപ്പിച്ചത്. എന്നാല്‍ ഗസ്റ്റ് ഹൗസ് ഉടമകളായ സ്വകാര്യ ഗ്രൂപ്പുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എസ്.പി, ദിലീപ് എത്തുമെന്ന കാര്യം മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. എസ്.പിയുടെ നിര്‍ദ്ദേശമനുസരിച്ച് പൂര്‍ണമായും ഒഴിപ്പിച്ചശേഷമാണ് ദിലീപിന് മുറി അനുവദിച്ചത്. ഇതൊന്നുമറിയാതെ സ്വന്തം വാഹനത്തിലെത്തിയ ദിലീപ് പൊലീസ് കസ്റ്റഡിയിലാണ് വീട്ടിലേക്ക് മടങ്ങിയതും പിന്നീട് റിമന്‍ഡ് പ്രതിയായി ആലുവ സബ്ജയിലില്‍ എത്തിയതും.
advertisement
പഴുതടച്ചുള്ള അന്വേഷണ തന്ത്രങ്ങളാണ് ആലുവ റൂറല്‍ എസ്.പിയായ എ.വി ജോര്‍ജ് നടി ആക്രമിക്കപ്പെട്ട കേസില്‍ സ്വീകരിച്ചത്. ആ നീക്കങ്ങളാണ് ജനപ്രിയ നടനായിട്ടും ദിലീപിനെ മൂന്നു മാസക്കാലം ജയിലഴിക്കുള്ളിലാക്കിയത്. ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാത്ത കാര്‍ക്കശ്യമുള്ള ഉദ്യോഗസ്ഥനെന്നാണ് ദിലീപിന്റെ അറസ്റ്റോടെ എ.വി ജോര്‍ജ് വിശേഷിപ്പിക്കപ്പെട്ടതും. എന്നാല്‍ ദിലീപില്‍ നിന്ന് ശ്രീജിത്തിലേക്ക് എത്തുമ്പോള്‍ എ.വി ജോര്‍ജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമുഖമാണ് പുറത്തു വന്നിരിക്കുന്നത്.
വരാപ്പുഴ സംഭവത്തില്‍ സാധാരണക്കാരായ പ്രതികളോട് സി.ഐ 25000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുകളും പറത്തു വന്നിട്ടുണ്ട്. ആദ്യഗഡുവായി 15000 രൂപ കൈപ്പറ്റിയ പൊലീസ് ഡ്രൈവര്‍ സസ്‌പെന്‍ഷനിലുമായി. ഈ സാഹചര്യത്തില്‍ എസ്.പി എ.വി ജോര്‍ജിനു വേണ്ടിയാണോ സി.ഐ ക്രിസ്പിന്‍ സാം കൈക്കൂലി ആവശ്യപ്പെട്ടതെന്ന സംശയവും ബലപ്പെടുകയാണ്. റൂറല്‍ എസ്.പിയുടെ വലംകൈയായാണ് പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം സേനയ്ക്കുള്ളില്‍ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ പണത്തിന്റെ ഒരു വിഹിതം എസ്.പിയിലേക്ക് എത്തിയോ എന്നതും കണ്ടെത്തേണ്ടതുണ്ട്. കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കാനെന്ന പേരില്‍ സാധാരണക്കാരനായ പ്രതിയോട് 25000 രൂപ കൈക്കൂലി ചോദിക്കുന്ന പൊലീസുകാര്‍ കോടീശ്വരനായ നടനില്‍ നിന്ന് എത്ര രൂപ കൈപ്പറ്റിയിട്ടുണ്ടാകുമെന്ന സ്വാഭാവിക സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.
പരിസ്ഥതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂരിനെതിരെ കേസെടുത്തതും എ.വി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ക്രിസ്പിന്‍ സാം ആയിരുന്നു. സി.എം.ആര്‍.എല്ലിന് എതിരെ വ്യാജരേഖ ചമച്ചെന്ന കേസാണ് ക്രിസ്പിന്‍ പുരുഷന്‍ ഏലൂരിനെതിരെ ചുമത്തിയത്. തന്നെ കുടുക്കാന്‍ ബുദ്ധി ഉപദേശിച്ച എ.വി ജോര്‍ജ് വരാപ്പുഴ കേസില്‍ കുടുങ്ങിയതിനെ പരിഹസിച്ച് ഏലൂര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിന്റെ മുന്‍കാലങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് എസ്.പി ഉണ്ടാക്കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ നിയമം കൈയ്യിലെടുത്തുള്ള നീതി നടപ്പാക്കലും വിവാദമായിരിക്കുകയാണ്.
ആര്‍.ടി.എഫ് 21 കേസുകളില്‍ പ്രതികളെ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് പൊലീസുകാര്‍ നല്‍കുന്ന വിവരം. റൂറല്‍ സായുധ ബറ്റാലിയനിലെ 22 ഇടിവീരന്‍മാരെ ചേര്‍ത്താണ് ജോര്‍ജ് കടുവാസംഘം രൂപീകരിച്ചത്. പൊലീസ് യൂണിഫോം ഉപേക്ഷിച്ച് സഫാരി സ്യൂട്ട് ധരിച്ചായിരുന്നു ഇവരുടെ നിയമലംഘനങ്ങള്‍. അറസ്റ്റ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായി യൂണിഫോം ധരിക്കണമെന്ന സുപ്രീംകോടതി വിധി ഈ സംഘം പാലിക്കാറേയില്ല. എസ്.ഐയുടെയും സി.ഐയുടെയും അധികാരപരിധിയില്‍ നുഴഞ്ഞുകയറിയായിരുന്നു എസ്.പിയുടെ തെമ്മാടിക്കൂട്ടത്തിന്റെ അഴിഞ്ഞാടിയിരുന്നത്.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചപ്പോള്‍ കിട്ടിയ പ്രശസ്തി രാഷ്ട്രീയക്കാര്‍ക്കിടയിലും ജോര്‍ജിനെ പ്രിയങ്കരനാക്കി. റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ഇഴചേര്‍ന്നു കിടക്കുന്ന കൊച്ചിയിലെയും ആലുവയിലെയും രാഷ്ട്രീയ നേതാക്കളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നതും എ.വി ജോര്‍ജായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ ബന്ധങ്ങള്‍ നല്‍കിയ സംരക്ഷണം തന്നെയാണ് വരാപ്പുഴയിലെ അരുംകൊലയ്ക്കു ശേഷവും ജോര്‍ജിനുവേണ്ടി പൊലീസ് ട്രെയിനിങ് കോളജ് കാത്തുകിടന്നതിനു കാരണവും.