ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എസ്ഐയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വഴിയാഞ്ചിറ ഭാഗത്തുവെച്ച് കറുത്ത സാന്‍ട്രോ കാറിലെത്തിയ രണ്ടുപേര്‍ വാഹനം നിര്‍ത്തി എന്തോ കൈമാറ്റം ചെയ്യുന്നത് പട്രോളിങ്ങിനിറങ്ങിയ എസ്ഐ മുഹമ്മദിന്റേയും സംഘത്തിന്റേയും ശ്രദ്ധയിൽപ്പെട്ടു.
പിന്നാലെ പട്രോളിങ് വാഹനം നിര്‍ത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. ഇതിനിടയിൽ കാറുമായി കടന്നു കളയാൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവിടെയെത്തിയ എസ്ഐ കാറിനുള്ളില്‍ ഉണ്ടായിരുന്നവരോട് പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വിസമ്മതിച്ചു. ഇതിനിടയിൽ മുഹമ്മദ് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോൾ അവർ കാർ മുന്നോട്ട് എടുത്തു.
advertisement
കാറിന്റെ മുന്‍ ചക്രം മുഹമ്മദിന്റെ കാലില്‍ കയറിയതോടെ അദ്ദേഹം റോഡിലേക്ക് വീണു. ഈ സമയം ഇവര്‍ കാര്‍ വലതുകാലിലൂടെ തുടവരെ ഓടിച്ചുകയറ്റുകയായിരുന്നുവെന്നും റിപ്പോർട്ട്. ഈ സമയത്ത്, മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ പോലീസ് ജീപ്പിൽ നിന്നും ഓടിയെത്തി കാര്‍ തടയാന്‍ ശ്രമിച്ചു. അതിനിടയിൽ കാറിലുണ്ടായിരുന്ന ഒരാള്‍ വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു.
ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനവുമായി കടന്നുകളഞ്ഞു. മുഹമ്മദിന്റെ വലതുകാലില്‍ രണ്ട് ഒടിവുകളുണ്ട്. ഇടത് കൈയ്ക്കും മുറിവുകളുണ്ട്. പ്രതികളിലൊരാളുടെ ചിത്രം നാട്ടുകാര്‍ പകര്‍ത്തിയതായി സൂചനയുണ്ട്. വധശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.