പൊളിക്കൽ നടപടികൾ എങ്ങനെ?
നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് (controlled implosion) ഇരു കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നത്. ഇതിനായി 3,700 കിലോയിലധികം സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. കെട്ടിടങ്ങളുടെ ചാർജിങ്ങ് നടന്നു കഴിഞ്ഞു. ടവറുകളുടെ കോൺക്രീറ്റിലെ ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്ന പ്രക്രിയയാണ് 'ചാർജ്ജിംഗ്' എന്നറിയപ്പെടുന്നത്. 9,000-ലധികം ദ്വാരങ്ങളിലായാണ് 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ചത്. ഇരട്ടകെട്ടിടങ്ങൾ പൊളിക്കുന്നതിനായി നൂറോളം തൊഴിലാളികളികളെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇരട്ട ഗോപുരങ്ങളുടെ ബേസ്മെൻറ് മുതൽ മുകൾ നിലകൾ വരെ ഏകദേശം 10,000 ദ്വാരങ്ങൾ തുരന്നിട്ടുണ്ട്.
advertisement
പ്രത്യാഘാതങ്ങൾ
32 നിലകളുള്ള അപെക്‌സും 29 നിലകളുള്ള സെയാനും പൊളിക്കുമ്പോൾ ഏകദേശം 35,000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. പൊടിപടലങ്ങൾ സമീപ സ്ഥലത്തേക്ക് വ്യാപിക്കുകയും ചെയ്യും. ഏതാനും മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ മായുമെന്നും പൊളിച്ചുനീക്കുന്ന കമ്പനി അറിയിച്ചിട്ടുണ്ട്. 21,000 ക്യുബിക് മീറ്റർ അവശിഷ്ടങ്ങൾ സ്ഥലത്തു നിന്നും നീക്കം ചെയ്ത് നഗരത്തിലെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് തള്ളുമെന്നും ബാക്കിയുള്ളവ ബേസ്‌മെന്റ് ഏരിയയിൽ തന്നെ ഉണ്ടാകുമെന്നും നോയിഡ അതോറിറ്റി ജനറൽ മാനേജർ ഇഷ്തിയാഖ് അഹമ്മദ് പറഞ്ഞു.
"പൊളിക്കലിനു ശേഷം ഉണ്ടാകുന്ന അവശിഷ്ടങ്ങൾ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ച് ശാസ്ത്രീയമായി തന്നെ കൈകാര്യം ചെയ്യും. ഇതു സംബന്ധിച്ച്, മലിനീകരണ നിയന്ത്രണ ബോർഡ് എഡിഫൈസ് എഞ്ചിനീയറിംഗിൽ നിന്നുള്ള റിപ്പോർട്ട് പരിശോധിച്ച് വരികയാണ്'', ഇഷ്തിയാഖ് അഹമ്മദ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഗതാഗതത്തെ ബാധിക്കുമോ?
കെട്ടിടങ്ങൾ പൊളിക്കുന്നത് സമീപ പ്രദേശങ്ങളിലെ ഗതാഗതത്തെ ബാധിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. കെട്ടിടങ്ങൾ പൊളിക്കുന്ന ദിവസത്തിനു മുന്നോടിയായി ട്രാഫിക് മാനേജ്‌മെന്റ് പ്ലാൻ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേ അടച്ചിടുകയും റൂട്ടുകൾ അരമണിക്കൂറോളം വഴിതിരിച്ചുവിടുകയും ചെയ്യും. സെക്ടർ 37-ന് സമീപമുള്ള മഹാമായ മേൽപ്പാലത്തിനും പാരി ചൗക്കിനുമിടയിലുള്ള സർവീസ് റോഡുകളും എക്‌സ്പ്രസ് വേയും പൂർണമായും അടച്ചിടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.