സാധാരണ ഗതിയിൽ ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു വരാൻ എടുക്കുന്ന സമയം വേണ്ടി വന്നില്ല, ഒന്ന് നേരം ഇരുട്ടി വെളുത്തതും ദൃശ്യം 2 ന് സ്വീകാര്യത ലഭിക്കാൻ. കണ്ടവരിൽ എതിരഭിപ്രായം പറയുന്നവരെ കണ്ടെത്തുക ശ്രമകരം തന്നെ.
ഫെബ്രുവരി 19 റിലീസ് തിയതിയായി പ്രഖ്യാപിച്ചെങ്കിലും തലേദിവസം രാത്രിയിൽ തന്നെ ആമസോൺ പ്രൈം ദൃശ്യം 2 പുറത്തിറക്കി. ദൃശ്യം രണ്ടാം ഭാഗം വരുമെന്നറിഞ്ഞതും അനവധിപ്പേർ ആമസോൺ പ്രൈമിന്റെ വരിക്കാരായി.
advertisement
ജോർജ് കുട്ടിയുടെ മൂത്ത മകൾക്ക് സ്വരക്ഷയ്ക്കിടെ പറ്റുന്ന കയ്യബദ്ധമാണ് സഹപാഠിയായ വരുണിന്റെ കൊലപാതകത്തിലേക്കും ശേഷം ആ മൃതശരീരം മറവു ചെയ്യുന്നതിലും കലാശിച്ചത്. കുടുംബം നശിക്കാതിരിക്കാൻ, നഷ്‌ടമാവാതിരിക്കാൻ ജോർജ് കുട്ടി എന്ന ഒരു നാട്ടിൻപുറത്തുകാരനായ കേബിൾ ടി.വി. ഓപ്പറേറ്ററുടെ സഞ്ചാരം ആരും കാണാത്തതും പ്രതീക്ഷികാക്കത്തതുമായ വഴിയെയാണ്. രാജാക്കാട് പോലീസ് സ്റ്റേഷൻ പണിതുകൊണ്ടിരിക്കുന്നതിനിടെ ജോർജ് കുട്ടി ആ ശരീരം അതിവിദഗ്ധമായി കുഴിച്ചിടുകയായിരുന്നു. ഇതുതന്നെയാണ് രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനം ഉണ്ടായപ്പോൾ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയതും.
ജോർജ് കുട്ടിയും സംവിധായകനും സിനിമാ പ്രേമത്തിന്റെ കാര്യത്തിൽ ഏതാണ്ട് ഒരേപോലെയാണ്. സിനിമ കണ്ടു കിട്ടിയ അനുഭവ സമ്പത്തിൽ നിന്നുമാണ് അയാൾ കുറ്റകൃത്യം മറച്ചു പിടിക്കാൻ തന്ത്രം മെനയുന്നതും. എന്നാൽ ജോർജ് കുട്ടി നമ്മൾ വിചാരിച്ച ആളല്ല എന്ന് ദൃശ്യം 2 തെളിയിച്ചു കഴിഞ്ഞു.
തിരക്കഥ ഒരുക്കിയ ജീത്തു ജോസഫ് ഒരു സംവിധായകൻ അല്ലായിരുന്നുവെങ്കിൽ ലോകമറിയുന്ന കുറ്റവാളിയായേനെ എന്ന വിശേഷണം ട്രോൾ ലോകം നൽകിക്കഴിഞ്ഞു. ഇനിയും പിടികിട്ടാത്ത സുകുമാര കുറുപ്പോളം കണ്ട മലയാളി ഒരു കേസിനെ ഇത്രയേറെ ആഴങ്ങളിൽ ഇറങ്ങി അവതരിപ്പിച്ച മറ്റൊരു കലാസൃഷ്‌ടിയെ മലയാളക്കരയിൽ ഈ നിമിഷം വരെയും കണ്ടിരിക്കില്ല.
ദൃശ്യം ഒന്നാം ഭാഗം ഇറങ്ങിയത് മുതൽ 'ദൃശ്യം മോഡൽ' കൊലപാതകങ്ങൾ കേരളത്തിൽ പലയിടങ്ങളിലായി നടന്നിരുന്നു. പണിനടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ ഉള്ളിൽ മൃതദേഹങ്ങൾ മറവു ചെയ്യുകയും കണ്ടെടുക്കുകയും ചെയ്‌തു.
പത്തനംതിട്ട സ്വദേശിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ചും ഇത്തരമൊരു അന്വേഷണം നടന്നിരുന്നു. ജെസ്‌നയുടെ പിതാവിന്റെ പണിനടന്നു കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ സൈറ്റിൽ പോലീസ് മണ്ണുമാന്തി അന്വേഷണം നടത്തി. എന്നാൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ദൃശ്യം 2 ന്റെ ക്ളൈമാക്സ് തരുന്നത് കൊലപാതകക്കുറ്റം കൂടുതൽ മറച്ചു പിടിക്കാനുള്ള മറ്റൊരു സാധ്യതയാണ്. ആദ്യ ഭാഗത്തിലേതു പോലെ ഇരുചെവിയറിയാതെ ഇരുളിന്റെ മറവിലാണ് കാര്യം നടന്നതെങ്കിൽ, ഇവിടെ അറിയാതെ പോലും പലരും ഈ ചെയ്തിയുടെ ഭാഗമാവുന്നുണ്ട്. മാത്രവുമല്ല വർഷങ്ങൾ കഴിഞ്ഞ് ലഭിക്കുന്ന ഭൗതിക ശരീരാവശിഷ്‌ടം കൈകാര്യം ചെയ്യുന്ന രീതിയും കേട്ടുപരിചയിച്ചുള്ള കഥാ പരിസരങ്ങളിൽ ഇല്ല.
ഏതാണ്ട് 20 മിനിറ്റിനുള്ളിൽ സംഭവിക്കുന്ന ക്ളൈമാക്സ് രംഗത്തിൽ ചെറിയ പഴുത് പോലും അടയ്ക്കാൻ കാണിച്ച ബുദ്ധി എടുത്തുപറയേണ്ടത് തന്നെയാണ്.
അങ്ങനെയിരിക്കെ, പലർക്കും ഈ സിനിമ കാണുമ്പോൾ ഉണ്ടാവുന്ന നഷ്‌ടബോധം അവർക്കു കിട്ടാതെപോയ തിയേറ്റർ അനുഭവം തന്നെയാണ്. അക്കാര്യവും സോഷ്യൽ മീഡിയ ഇടത്തിൽ പലരും ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.