തമിഴിലെ എക്കാലത്തെയും മികച്ച വാണിജ്യ വിജയങ്ങളിലൊന്നായിരുന്നു കെഎസ് രവികുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തിയ മുത്തു. കവിതാലയാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജം ബാലചന്ദറും പുഷ്പ കന്തസാമിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം വിദേശ മാര്‍ക്കറ്റുകളിലും മികച്ച വിജയം നേടിയിരുന്നു. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ മറികടക്കുംവരെ ജപ്പാനില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഇന്ത്യന്‍ ചിത്രം മുത്തുവായിരുന്നു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തുവിനെ മുഴുവനായി ആദ്യമായി തിയേറ്ററില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിലെ നായിക മീന. സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ കെ.എസ് രവികുമാറിനൊപ്പം മീനയും ചെന്നൈ രോഹിണി തിയേറ്ററിലെത്തിയിരുന്നു.
ടിവിയിലും മറ്റും കുറച്ച് ഭാഗങ്ങള്‍ കണ്ടതല്ലാതെ മുത്തു ഇതുവരെ മുഴുവനായി കാണാന്‍ മീനയ്ക്ക് സാധിച്ചിരുന്നില്ല. ഈ ആഗ്രഹമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സഫലമായത്.
' രോഹിണി തിയേറ്ററിലെ മുത്തുവിന്റെ ഇന്നത്തെ FDFS എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ചിത്രത്തിലെ ഗാനരംഗങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചു. 28 വര്‍ഷത്തിനിപ്പുറവും സിനിമയുടെ മാന്ത്രികത നഷ്ടപ്പെട്ടിട്ടില്ല. പ്രേക്ഷകരുടെ സിനിമയോടുള്ള അഭിനിവേശം ശരിക്കും പ്രചോദിപ്പിക്കുന്നതാണ്' എന്ന് മീന പറഞ്ഞു. തിയേറ്ററിലെ മുത്തു FDFS അനുഭവം പങ്കുവെക്കുന്ന ഒരു വീഡിയോയും മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.