മോഹൻലാൽ 'തുടരും' കാണുന്നതും പൂനെയിൽ വച്ചാണ്. പൂനെയിലെ ചിത്രീകരണം ഏപ്രിൽ 27നു പൂർത്തിയായി. കൊച്ചിയിൽ വീണ്ടും ആരംഭിച്ചു. മെയ് രണ്ടിനാണ് 'ഹൃദയപൂർവ്വം' വീണ്ടും കൊച്ചിയിൽ ആരംഭിച്ചത്. തൻ്റെ വിവാഹ വാർഷികം ചെന്നൈയിലും.
മുംബൈയിൽ രാജ്യത്തെ പ്രമുഖ താരങ്ങൾ അണിനിരന്ന പ്രധാനമന്ത്രിയുടെ ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മോഹൻലാൽ മെയ് രണ്ടിന് കൊച്ചിയിൽ എത്തിയത്. ചിത്രം ഇത്രയും ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ ഒരു സക്സസ് സെലിബ്രേഷൻ നടത്തുവാൻ ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആൻഡ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഈ വിവരം അവർ മോഹൻലാലിനെ അറിയിക്കുകയും ചെയ്തു.
advertisement
സിനിമയുടെ വിജയത്തിനു ശേഷം മോഹൻലാൽ കേരളത്തിൽ എത്തുന്ന ദിവസം തന്നെ ഒരു ചടങ്ങ്. അതായിരുന്നു സംഘാടകരുടെ ആഗ്രഹം. മെയ് രണ്ടിന് 'ഹൃദയപൂർവ്വം' സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതമായ ഒരു ചടങ്ങ് സംഘടിപ്പിച്ചു.
നിർമ്മാതാവ് എം. രഞ്ജിത്ത് ഇതേ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഫാൻസ് ഭാരവാഹികൾ രഞ്ജിത്തിനെ കണ്ട് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നുണ്ടെന്ന കാര്യം അറിയിച്ചു
തീർത്തും അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. സംവിധായകനില്ലാതെ എന്താഘോഷം എന്നാണ് രഞ്ജിത്ത് സംഘാടകരോടു ചോദിച്ചത്. രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു.
പെട്ടെന്നു തന്നെ ഇരുവരും എത്തിച്ചേർന്നു. ഉച്ചക്ക് രണ്ടു മണിയോടെ ബാങ്കറ്റ് ഹാളിൽ എല്ലാവരും ഒത്തുചേർന്നു. ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടും.
മോഹൻലാൽ, തരുൺ മൂർത്തി ചിപ്പി രഞ്ജിത്ത്, എം. രഞ്ജിത്ത്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ആൻ്റണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവർ ഇവിടെ വിജയാഘോഷത്തിൽ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു.
ചിത്രീകരണ സമയത്ത് മോഹൻലാൽ അനുഭവിക്കേണ്ടി വന്ന പല കഷ്ടപ്പാടുകളേയും കുറിച്ച് നിർമ്മാതാവ് എം. രഞ്ജിത്ത് വിശദീകരിച്ചത് ഏറെ കൗതുകമായി. കഴിഞ്ഞ പത്തുവർഷക്കാലമായി രഞ്ജിത്ത് ഈ സബ്ജക്റ്റുമായി എന്നോടൊപ്പമുണ്ടയിരുന്നു. ഇക്കാലമത്രയും ക്ഷമയോടെ കാത്തിരുന്നതിൻ്റെ അനുഗ്രഹം ദൈവം രഞ്ജിത്തിന് അറിഞ്ഞു നൽകിയിരിക്കുകയാണ് എന്ന് മോഹൻലാൽ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
ഒരു മാസത്തിൽ രണ്ടു വൻവിജയങ്ങളാണ് മോഹൻലാലിനു ലഭിച്ചിരിക്കുന്നത്. എമ്പുരാൻ സിനിമയും 300 കോടി കടന്നിരുന്നു. രണ്ടു ചിത്രങ്ങൾക്കുമുള്ള കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടുകൊണ്ടാണ് റെഡിമെയ്ഡ് ഫംഗ്ഷൻ എന്നു പറയാവുന്ന ഈ ചടങ്ങ് പൂർത്തിയായത്. ചടങ്ങ് കഴിഞ്ഞ് ഇറങ്ങുന്ന വേളയിൽ മോഹൻലാൽ രഞ്ജിത്തിനോടു 'ചടങ്ങ് ഇനിയുമുണ്ടാകുമോ?' എന്നും ചോദ്യമെടുത്തിട്ടു. 'ഉണ്ട് ചേട്ടാ.... വല്യപരിപാടി പുറകേ...' എന്ന് രഞ്ജിത്തിൻ്റെ മറുപടി. പി.ആർ.ഒ.- വാഴൂർ ജോസ്.