നായകനിൽ നിന്ന് ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ജെല്ലിക്കെട്ട് വരെ എത്തി നിൽക്കുന്നു ചെമ്പൻ-ലിജോ കൂട്ടുകെട്ട്. ചെമ്പനെ മാറ്റി നിർത്തിപ്പറയാൻ ലിജൊക്കുള്ളത് കേവലം ഒരു ചിത്രം മാത്രം, സിറ്റി ഓഫ് ഗോഡ്. അത്രയ്ക്ക് ഇഴയടുപ്പമുണ്ടീ കൂട്ടുകെട്ടിന്. നായകനിലെ ശരവണനായും, ആമേനിലെ പൈലിയായും, ഡബിൾ ബാരലിലെ ഡീസലായും, അങ്കമാലി ഡയറീസിലെ അതിഥി താരമായും ചെമ്പൻ ലിജോയുടെ യാത്രക്കൊപ്പം എന്നും എപ്പോഴും ഇപ്പോഴും ഉണ്ട്.
സ്വഭാവ, വില്ലൻ വേഷങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനായ താരമാണ് ചെമ്പൻ എന്ന വിളിപ്പേരിൽ ആരധകർക്ക് പരിചിതനായ ഈ താരം. ഈഷിയെന്ന ഇ.മ.യൗവിലെ കഥാപാത്രം കടന്നു പോകുന്ന വൈകാരികമായ നിമിഷങ്ങൾ വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രം തീയേറ്റർ നിറഞ്ഞോടിയില്ലെങ്കിലും കാമ്പുള്ള കഥാപാത്രമായി ഈഷി നിറഞ്ഞു നിന്നു. തന്റെ പിതാവ് വാവച്ചൻ മേസ്തിരിക്ക് ഏറ്റവും മികച്ച അന്ത്യയാത്ര നൽകുമെന്ന് ഉറപ്പു നൽകിയ ഈഷി കടന്നു പോകുന്ന വഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
advertisement
നായകനെന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നയാളാണ് ചെമ്പൻ. ആമേൻ (2013), ഇയ്യോബിന്റെ പുസ്തകം (2014) എന്നീ ചിത്രങ്ങളിലൂടെയാണ് ചെമ്പനിലെ നടന്റെ കഴിവ് അഭിനയലോകവും പ്രേക്ഷകരും തിരിച്ചറിയുന്നത്. എടുത്തു പറയത്തക്ക വേഷങ്ങൾ ചെയ്ത മറ്റു ചിത്രങ്ങളാണ് ടമാർ പഠാർ, സപ്തമശ്രീ തസ്കരാ, കോഹിനൂർ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയവ. അങ്കമാലി ഡയറീസിലൂടെ തിരക്കഥാകൃത്തായും തനിക്ക് തിളങ്ങാനാവുമെന്നു ചെമ്പൻ തെളിയിച്ചു.
സിറ്റി ഒാഫ് ഗോഡ്, ആമേൻ,ഡബിൾ ബാരൽ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായി, തന്റേതായ ശൈലികൾ മലയാള സിനിമയ്ക്കു സംഭാവന ചെയ്യാൻ ലിജോ ജോസിനായി. 2013ൽ ആമേനിലൂടെയാണ് ലിജോ സംവിധാന രംഗത്ത് ശ്രദ്ധേയനാവുന്നത്. 86 പുതുമുഖങ്ങളുമായി അങ്കമാലി ഡയറീസ് നടത്തിയ പരീക്ഷണം മലയാള സിനിമയിൽ ഒരു പുത്തൻ അധ്യായം തുറക്കുകയായിരുന്നു. 1000 ആർട്ടിസ്റ്റുമാരെ അണിനിരത്തി 11 മിനിട്ടു നീളുന്ന കട്ട് ചെയ്യാത്ത ക്ലൈമാക്സ് സീൻ ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്.
മീശയിലൂടെ പരിചിതനായ എസ്. ഹരീഷിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ലിജോയുടെ ഏറ്റവും പുതിയ ചിത്രം ജെല്ലിക്കെട്ട് ഒരുങ്ങുന്നത്. വിനായകൻ നായകനാവുന്ന ചിത്രത്തിൽ ചെമ്പനും ആന്റണി വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.