Also Read - മലയാളത്തിന്റെ നാദവിസ്മയം കെ.ജെ. യേശുദാസിന് ഇന്ന് ശതാഭിഷേകം
ശബരിമല അയ്യപ്പനോടുള്ള യേശുദാസിന്‍റെ ഭക്തിയ്ക്ക് പിന്നില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം സ്വാധീനിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ സംഗീത കോളേജിലെ പഠനകാലത്ത് ഒരിക്കല്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ മധുരമണി അയ്യരുടെ കച്ചേരി കേള്‍ക്കാന്‍ യേശുദാസ് പോയി. അന്യമതസ്ഥര്‍ക്ക് അന്ന് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ആ സമയത്താണ് ഇരുമുടിക്കെട്ടുമായി ശരണം വിളിയോടെ കുറച്ച് അയ്യപ്പന്മാര്‍ അവിടെ ദര്‍ശനത്തിനെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തില്‍ നിന്ന് ജാതിയും മതവും ബാധകമല്ലാത്ത ശബരിമല ക്ഷേത്രത്തെ കുറിച്ച് കേട്ടറിഞ്ഞതോടെ അയ്യപ്പനെ കാണാനുള്ള ആഗ്രഹം മനസില്‍ ഉദിച്ചു. വിവാഹിതനാകുന്നതിന് ഒരു വര്‍ഷം മുന്‍പ് ബോംബെയിലെ കൂട്ടുകാര്‍ക്കൊപ്പം ആദ്യമായി യേശുദാസ് മലചവിട്ടി അയ്യപ്പനെ കണ്ടുതൊഴുതു. പിന്നീട് പലപ്പോഴായി സന്നിധാനത്തെത്തി.
advertisement
അയ്യപ്പഭക്തിഗാനങ്ങള്‍ പോലെ പ്രസിദ്ധമാണ് യേശുദാസിന്‍റെ ശ്രീകൃഷ്ണ ഭക്തിഗാനങ്ങളും. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ ആലപാനം ഏതൊരു ഭക്തന്‍റെയും ഉള്ളില്‍ ദൈവികമായ അനുഭൂതി നിറയ്ക്കുന്നവയാണ്. 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം', 'ഹരികാംബോജി രാഗം പഠിക്കുവാന്‍ ഗുരുവായൂരില്‍ ചെന്നു ഞാന്‍', 'രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ.. ഞാന്‍ പാടും ഗീതത്തോടാണോ','നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ' തുടങ്ങിയ ഗാനങ്ങള്‍ അവയില്‍ ചിലതുമാത്രം. കൃഷ്ണനെ അത്രത്തോളം ആരാധിക്കുന്ന യേശുദാസിന്‍റെ ഉള്ളില്‍ ഗുരുവായൂരപ്പനെ ഇതുവരെ കാണാന്‍ കഴിഞ്ഞില്ല എന്ന സങ്കടം ഇന്നും നിലനില്‍ക്കുന്നു.
പിറന്നാള്‍ ദിനത്തിലെ മൂകാംബിക ക്ഷേത്രദര്‍ശനവും സരസ്വതീ മണ്ഡപത്തിലെ സംഗീതാര്‍ച്ചനയും അദ്ദേഹം മുടക്കിയിരുന്നില്ല. ടി.എസ് രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ129 ഭക്തിഗാനങ്ങള്‍ ആലപിച്ചത് യേശുദാസാണ്.