ആദ്യപ്രദർശനത്തിന് തിയേറ്ററുകളിൽ വൻ ആരവങ്ങളായിരുന്നു എങ്കിൽ സംവിധായകന്റെ ഫേസ്ബുക്ക് പേജിൽ വൻ പൊങ്കാലയാണ്. രണ്ടാമൂഴം സിനിമയെടുക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോൻ പിന്മാറണമെന്നും ഒടിയൻ കണ്ടിറങ്ങിയവർ പറയുന്നു. അമിതപ്രതീക്ഷയുമായി പോയവരെ നിരാശപ്പെടുത്തുന്നതായിരുന്നു ചിത്രമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.
ഇതാദ്യമായല്ല ഒരു മോഹൻലാൽ ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത്. പക്ഷേ, അന്നൊന്നും ആരും സംവിധായകന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇട്ടിട്ടില്ല. എന്നാൽ, ഇത്തവണ പൊങ്കാലയ്ക്ക് പ്രധാനമായും ചൂണ്ടുക്കാണിക്കുന്നത്, 'ഒടിയൻ' സിനിമ തിയേറ്ററിൽ എത്തുന്നതിനു മുമ്പുള്ള അഭുതപൂർവമായ 'തള്ളൽ' ആണ്.
advertisement
അമിതപ്രതീക്ഷയുമായാണ് ആരാധകർ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ, ആരാധകരുടെ പ്രതീക്ഷയെ തൃപ്തിപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞില്ല. ഇത് തന്നെയാണ് സംവിധായകനു മേൽ പൊങ്കാലയിടാൻ ആരാധകർ തീരുമാനിച്ചതിനു പിന്നിലും. ശ്രീകുമാർ മേനോൻ റിലീസ് വിവരങ്ങൾ വ്യക്തമാക്കി ഫേസ്ബുക്കിൽ പങ്കുവെച്ച് ഒടിയൻ പോസ്റ്ററിനു താഴെയാണ് കമന്റുകളുടെ പൊങ്കാല.
ഇനി മേലാൽ ശ്രീകുമാർ മേനോൻ സിനിമയെടുക്കരുത് എന്നു വരെയുണ്ട് കമന്റിൽ. മോഹൻലാലിന്റെ പേജിലും ചില പ്രേക്ഷകർ നിരാശ പങ്കു വെച്ചു. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു ചോദിച്ച എം ടി സാർ ആണ് ഞങ്ങടെ ഹീറോയെന്ന് ചിലർ പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കഴിഞ്ഞുള്ള മഞ്ജു വാര്യരുടെ 'മാസ് ഡയലോഗ്' ആണ് കൂടുതൽ പ്രേക്ഷകരും കമന്റു ചെയ്തത്.
മമ്മൂട്ടിയുടെ വോയ്സ് ഓവറിൽ എത്തിയ മോഹൻലാലിന്റെ ഒടിയന് മമ്മൂട്ടി ഫാൻസ് വരെ പിന്തുണ അറിയിച്ചിരുന്നു. റിലീസിനു മുമ്പ് 100 കോടി നേടിയെന്നു പറയുന്ന ഒടിയന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന കാണണം.
