മത്സര ചിത്രമായ ഈ.മ.യൗവിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് പോത്തേട്ടൻ. പക്ഷെ വരവിന്റെ ഉദ്ദേശം ഇന്ന് നടക്കുന്ന ചിത്രത്തിന്റെ പ്രദർശനം മാത്രമല്ല. കേരള രാജ്യാന്തര ചലച്ചിത്ര മേള ഒരു കാലത്ത് ഇദ്ദേഹത്തിനും പ്രിയപ്പെട്ടതായിരുന്നു. അല്ല, അങ്ങനെ പറഞ്ഞാൽ ശരിയാവില്ല കാരണം, മേള ഇദ്ദേഹത്തിനിപ്പോഴും പ്രിയപ്പെട്ടതാണ്. അത് കൊണ്ടാണ് സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ചുള്ളയീ വരവെന്ന് പ്രത്യേകം പറയേണ്ടതില്ല.
advertisement
"2009 മുതലുള്ള മേളകളിലാണ് ഞാൻ പങ്കെടുത്തിട്ടുള്ളത്. തിരുവനന്തപുരത്തായതു കൊണ്ടാണ് അഫൊർഡബിൾ ആയി അക്കാലത്ത് പങ്ക് കൊള്ളാൻ സാധിച്ചത്. തുടരെയുള്ള കാഴ്ചകളും ശീലങ്ങളുമാണ് നമ്മുടെ സിനിമ കാഴ്ചപ്പാടുകളെ വളരെയേറെ സ്വാധീനിച്ചത്. സിനിമയിൽ എത്താനായി മേള ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. ഇനി വരുന്നവർക്കും അത് പ്രചോദനമാക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്," ദിലീഷ് പറയുന്നു.
സംവിധായകനായാണ് നമ്മൾ 'പോത്തേട്ടൻ ബ്രില്യൻസ്' അറിഞ്ഞതെങ്കിലും, ഇപ്പോൾ കൂടുതലും നടനായാണ് ഇദ്ദേഹത്തെ വെള്ളിത്തിരയിൽ കാണുന്നത്. സംവിധാനത്തിലേക്ക് തിരിച്ചു വരവില്ലേ? ഒരു ചോദ്യം ആണ് ഉത്തരമായി ലഭിക്കുന്നത്. "സമയം കിട്ടണ്ടേ?" അടുത്തിടെ ഇറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളിലും തെളിഞ്ഞു നിൽക്കുന്ന കഥാപാത്രമായി പോത്തേട്ടനുണ്ട്. മേളക്ക് വരുന്ന സംവിധായകർ ഇനിയും വളരണമെന്നാണ് പോത്തേട്ടന്റെ ആഗ്രഹം.
"IFFKക്കു പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരെല്ലാം മുഖ്യധാരയിലേക്ക് വരട്ടെ. ഇനി വന്നില്ലെങ്കിൽ വിളിച്ചു വരുത്തണം. നല്ല സിനിമ ചെയ്യുന്ന പുതിയത് ആൾക്കാരെ മുഖ്യധാരയിലെത്തിക്കാൻ എന്തൊക്കെ ചെയ്യാമോ അത് ചെയ്യണം. അങ്ങനെയുള്ള കാര്യങ്ങളിലേക്ക് കൂടി ശ്രദ്ധിക്കുമ്പോൾ മേള കൂടുതൽ ഫലവത്താകും."
