'ഈശോ' എന്ന സിനിമ സംവിധാനം ചെയ്തത് നാദിർഷ എന്ന കാര്യം ഇവിടെ പറയേണ്ടിയിരിക്കുന്നു. സംവിധായകൻ എന്ന നിലയിൽ നാദിർഷയെ ഇങ്ങനെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നതാണ് ഇത്തരമൊരു തുടക്കത്തിന്റെ ആവശ്യം. എപ്പോഴും കോമഡി അല്ലെങ്കിൽ സറ്റയർ ഇല്ലാതെ ഒരു സിനിമയിലേക്ക് പ്രവേശിക്കാത്ത സംവിധായകൻ, കുടുംബ പ്രേക്ഷകർക്കും കണ്ടിരിക്കാവുന്ന ത്രില്ലർ ചിത്രത്തെ അർഹിക്കുന്ന ബഹുമാനത്തോടും തീവ്രതയോടും കൂടി കൈകാര്യം ചെയ്ത ചിത്രമാണ് 'ഈശോ'.
ഏതൊരു സോഷ്യൽ മീഡിയ പോസ്റ്റും കയ്യിൽ വന്നുചേർന്നാൽ, അതിന്റെ സത്യാവസ്ഥ എന്തെന്ന് അറിയാൻ കാത്തുനിൽക്കാതെ തലങ്ങും വിലങ്ങും ഫോർവേഡ് ചെയ്ത് കമന്റ് ചെയ്ത് സായൂജ്യം അടയുന്നവർ കാരണം മറ്റൊരാളുടെ അല്ലെങ്കിൽ മറ്റുപലരുടെയും ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് വളരെ ലളിതമായി അവതരിപ്പിച്ച ഒരു ചിത്രമാണിത്. പോലീസ് പോലും പല ഘട്ടങ്ങളായുള്ള അന്വേഷണത്തിലൂടെ മാത്രം സത്യം തെളിയിക്കുമ്പോൾ 'സ്വയം പ്രഖ്യാപിത പോലീസുകൾ' സെക്കൻഡുകൾക്കുള്ളിൽ പോലീസ് സ്റ്റേഷനും കോടതിയുമൊക്കെയായി മാറി സൃഷ്‌ടിക്കുന്ന കനത്ത നാശനഷ്‌ടങ്ങളെ സമൂഹം ഗൗരവത്തോടെ കണ്ടേണ്ടിയിരിക്കുന്നു.
advertisement
ഇത്തരമൊരു സാഹചര്യത്തിൽ ഇരയാക്കപ്പെടുന്ന വ്യക്തികളുടെ സ്ഥാനത്ത് ഇവർ സ്വയം സങ്കല്പിച്ചിട്ടുണ്ടാവുമോ? അതൊരുപക്ഷേ അതിന്റെ പ്രത്യാഘാതം നേരിടുന്നയാളാവാം, സത്യത്തിനു സാക്ഷിയാവേണ്ടിവന്നയാളാവാം, അതുമല്ലെങ്കിൽ നീതിനിഷേധത്തിനെതിരെ അടിയുറച്ചു പോരാടുന്നയാൾ നേരിടുന്ന വെല്ലുവിളികളാവാം, നീതി നേടിയെടുത്തേ മതിയാവൂ എന്ന് ചിന്തിക്കുന്ന നിയമത്തിന്റെ കാവലാളുകളാവാം. അത്തരം മനുഷ്യരുടെ നേർചിത്രമാണ് എ.ടി.എം. സെക്യൂരിറ്റി ജീവനക്കാരനായ രാമചന്ദ്രൻ പിള്ളയും (ജാഫർ ഇടുക്കി), നിർണ്ണായകമായ ഒരു രാത്രിയിൽ അയാൾക്കൊപ്പം വന്നുചേരുന്ന അപരിചിതനായ 'ഈശോ'യും (ജയസൂര്യ).
സിനിമയുടെ ഏറിയ പങ്കും പ്രധാനമായും അരങ്ങേറുന്നത് ആ ഒരു രാത്രിയിലാണ്. കാശും കയ്യൂക്കുമുള്ള മുതലാളി കാരണം മാനഭംഗം ചെയ്യപ്പെട്ട് ജീവൻ നഷ്‌ടമായ പെൺകുട്ടിക്ക് നീതിയിലേക്കെത്താനുള്ള മാർഗമാണ് ഏക സാക്ഷിയായ പിള്ള. കേസിന്റെ സുപ്രധാന ദിവസത്തിന്റെ തലേന്ന് രാത്രി നടക്കുന്ന സംഭവങ്ങളാണ് സിനിമയ്ക്കാധാരം. ആർക്കെതിരെയാണോ താൻ മൊഴി നൽകേണ്ടിയത്, അയാളിൽ നിന്നും താൻ പോലും അറിയാതെ തലയ്ക്കുമുകളിൽ തൂങ്ങുന്ന അപകടത്തിന് ഏറ്റവും അടുത്താണ് അയാൾ. ഇവിടെ വന്നു ചേരുന്ന ഈശോയും അതിനു ശേഷം നടക്കുന്ന സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ടു പോവുന്നു. അടുക്കും ചിട്ടയുമുള്ള, വളച്ചുകെട്ടാത്ത തിരക്കഥയാണ് സുനീഷ് വരനാട് 'ഈശോ'ക്കായി രചിച്ചത്.
സിനിമയുടെ ഏറ്റവും വലിയ ചുമതല വഹിക്കുന്ന ജാഫർ ഇടുക്കിയെയും ജയസൂര്യയെയും അവരുടെ സ്വാഭാവികതയിലൂടെ പ്രേക്ഷകർ ഇഷ്‌ടപ്പെടാതിരിക്കില്ല. മറ്റു കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ഇവരിലൂടെ മാത്രമേ സിനിമയ്ക്ക് സഞ്ചരിക്കാനാവൂ. ഏറിയ പങ്കും ഒറ്റരാത്രിയിലായതിനാൽ, സസ്പെന്സിനും ത്രില്ലിനും കുറവില്ല. സിനിമയുടെ പേരിന്റെ പേരിൽ ഏറെ വിവാദങ്ങൾ ഉണ്ടായെങ്കിലും, 'ഈശോ' എന്നത് കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്ന ഒരു ചെറിയ കർത്തവ്യം മാത്രമേ നിറവേറ്റാനുള്ളൂ. അവിടെ മതമോ ജാതിയോ വിവാദമാക്കേണ്ട സാഹചര്യമില്ല.
സിനിമകളിൽ പലപ്പോഴും നീതിപീഠത്തിനരികെ എത്തും മുൻപേ നീതി നടപ്പാക്കുന്ന 'മാലാഖമാർ' എന്നത് വർഷങ്ങളായി കണ്ടുവരുന്ന ട്രെൻഡ് ആണ്. ഈ സിനിമയിൽ പ്രധാന ലൊക്കേഷന്റെ ഒത്ത നടുവിൽ കാണുന്ന ഗാന്ധിപ്രതിമ സിനിമയുടെ ലക്ഷ്യത്തെ പിന്താങ്ങുന്ന തരത്തിലാണ്. ജീവിതത്തിൽ ഇത്തരം സാഹചര്യം നേരിടുന്നവർക്ക് വേണ്ടി മാലാഖയും ദേവദൂതനും ഒന്നും ആവാൻ കഴിഞ്ഞില്ലെങ്കിലും, കാള പെറ്റു എന്ന് കേൾക്കുമ്പോൾ ബേബി സോപ്പും പൗഡറും വാങ്ങാനിറങ്ങുന്ന മട്ടിൽ പാതിവെന്തത്തോ വേവാത്തതോ ആയ കാര്യങ്ങൾ കയ്യിലിരിക്കുന്ന ഫോണിൽ കണ്ടപാടെ ഒരു വിരല് കൊണ്ട് വരച്ചും കുത്തിയും പ്രചരിപ്പിക്കാതിരിക്കുക. നിങ്ങളുടെ വിരൽത്തുമ്പിൽ തൂങ്ങുന്നത് പലരുടെയും ജീവിതമായിരിക്കാം. സിനിമ സോണിലിവിൽ കാണാം.