അവഗണനയിൽ തീർത്തും നിരാശരാണു സംവിധായകൻ വി.സി. അഭിലാഷും സംഘവും. "ദേശീയ അവാർഡൊക്കെ ഞങ്ങൾക്കു കിട്ടുന്ന ബോണസ്സാണ്. മറിച്ചു, ചലച്ചിത്ര മേള വളരെയധികം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതാണ്. മത്സര വിഭാഗം തന്നെ വേണമെന്ന കടുംപിടുത്തമൊന്നുമില്ല. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പോലും പരിഗണിച്ചില്ലായെന്നതാണ് വിഷമം. വാണിജ്യ സിനിമകൾ വരെ തിരഞ്ഞെടുത്തപ്പോൾ, സാമൂഹിക പ്രസക്തിക്കു പുരസ്കാരം കിട്ടിയ ചിത്രം പുറത്താവുകയാണ്. ഗുരുസ്ഥാനീയരാണു ചലച്ചിത്ര അക്കാദമിയിൽ ഉള്ളത്. ഞാനും ഒരു IFFK പ്രോഡക്റ്റാണ്. മരണ വീടെന്നോണമാണു ഞങ്ങളുടെ അവസ്ഥ," സംവിധായകൻ അഭിലാഷ് ന്യൂസ് 18 നോട് പറയുന്നു.
advertisement
അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജി, ലാലിനെ തള്ളി ദിലീപ്
ചിത്രം നേരിട്ട ദുരവസ്ഥ വിവരിച്ചു സംവിധായകൻ ഫേസ്ബുക് വഴിയും പ്രതികരിച്ചിട്ടുണ്ട്. പ്രതികരണത്തിന്റെ പൂർണ രൂപം ചുവടെ.
"ഈ ചലച്ചിത്ര അക്കാദമിയോട് ഞങ്ങളെങ്ങനെ നന്ദി പറഞ്ഞുതീർക്കും?
ഇക്കൊല്ലം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച,
ഇന്ദ്രൻസേട്ടന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം
നമ്മുടെ സ്വന്തം ചലച്ചിത്ര മേളയിൽ നിന്ന് അവർ ഒഴിവാക്കിയിരിക്കുന്നു..!
ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ
കേരളാ ഫിലിം ക്രിട്ടിക്സ് (4 വിഭാഗങ്ങളിൽ),
പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡ് (8 വിഭാഗങ്ങളിൽ), അടൂർഭാസി പുരസ്‌കാരം (2 വിഭാഗങ്ങളിൽ),വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്‌റ്റിവലുകളിലെ പ്രദർശനം- എന്നിങ്ങനെ ഈ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു..
പക്ഷെ അതിനൊക്കെയപ്പുറമായിരുന്നു ഞങ്ങൾക്ക് IFFK.
വലിയൊരു സ്വപ്നമായിരുന്നു !!
ആളൊരുക്കം കാണാനാവസരം കിട്ടിയവർ -ഗുരുതുല്യരായ സംവിധായകർ പോലും- പറഞ്ഞത്
ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കിൽ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ അവസരം കിട്ടുമെന്നാണ് ..!
ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതർക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉൾപ്പെടുത്താനാനാവാത്ത അത്ര
മോശം സിനിമയായിരുന്നോ ഇത് ?
''ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?''- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാർഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!
സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ?
ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം IFFK പ്രേക്ഷകരെങ്കിലും കാണണ്ടേ ?
വേദനയോടെ പറയട്ടെ..
ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്.
ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ
പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും
ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു!
എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു!
സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!
കഴിഞ്ഞ തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയത് പോലെ വിചിത്രമായ ഈ തീരുമാനം അവർ തിരുത്തുമോ ?
അറിയില്ല..
ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ...
അവർ തിരുത്തിയിരുന്നെങ്കിൽ.. !!!"
വാർധക്യ കാലത്തു, പണ്ടു വീട് വിട്ടു പോയ മകനെത്തേടിയുള്ള ഒരു പിതാവിന്റെ യാത്രയും, ഒടുവിൽ 'മകനെ' കണ്ടു മുട്ടുമ്പോൾ ഉണ്ടാവുന്ന ആഘാതവും ജീവിതവുമാണു ചിത്രത്തിന് പ്രമേയം. പപ്പു പിഷാരടിയെന്ന ഓട്ടൻ തുള്ളൽ കലാകാരനായി ഇന്ദ്രൻസ് എത്തുന്നു.
