ഒരു കള്ളൻ, പിന്നെയും കള്ളൻ, പിന്നെയും പിന്നെയും കള്ളൻ. മോഷ്ടാക്കളുടെ ചാകര കാലമെന്നോണം മലയാള സിനിമയിൽ ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങൾ പെരുകുകയാണ്. സംവിധായകൻ ജി. മാർത്താണ്ഡൻ അത്തരമൊരു സന്ദർഭം പാഴാക്കുന്നില്ല. കായംകുളം കൊച്ചുണ്ണി തുടങ്ങി വച്ച ട്രെൻഡ് ആയിരിക്കണം, ആനകള്ളനിൽ ബിജു മേനോനും ജോണി ജോണി യെസ് അപ്പയിൽ കുഞ്ചാക്കോ ബോബനും ആ പാരമ്പര്യം കെടാതെ സൂക്ഷിക്കുന്നു. കഥയാവുമ്പോൾ കള്ളൻ നല്ലവൻ അല്ലെങ്കിൽ പോയി. ഈ ചിത്രത്തിലെ നല്ലവനായ കള്ളനാണു ചാക്കോച്ചൻ. സാഹചര്യങ്ങളോ, പ്രത്യേകിച്ചു കാരണമോ, ഉദ്ദേശ ലക്ഷ്യമോ, ഒന്നും തന്നെ ഇല്ലാതെ വെറുതെ കള്ളനായ ഒരാൾ (തിരക്കഥാകൃത്തു പറയാൻ മറന്നതോ പറയാതെ ബാക്കി വച്ചതോ എന്നു മനസ്സിലാവുന്നില്ല). തരക്കേടില്ലാത്ത, തരക്കേടില്ലെന്നു മാത്രമല്ല, നാട്ടിലെ ബഹുമാന്യനായ അധ്യാപകന്റെ മകനായ കള്ളൻ. ചെയ്ത പണിക്കൊന്നും ആ തലക്കെട്ടു അയാളുടെ മേൽ അത്ര പെട്ടെന്നൊന്നും വീഴ്ത്താൻ സാധിക്കുന്നില്ല എന്നുമാത്രമല്ല, പോലീസുകാർ വരെ വാഴ്ത്തുന്ന നാട്ടിലെ മാതൃക പുരുഷനാണയാൾ.
advertisement
ജോണി ജോണി യെസ് അപ്പ: കഥ ഇതുവരെ
1. കുടുംബവും ബന്ധങ്ങളും പശ്ചാത്തലമാവുന്ന മറ്റൊരു കഥയിലെ കഥാനായകനായി കുഞ്ചാക്കോ ബോബൻ ഒരിക്കൽ കൂടി എത്തുന്നു. അയാളുടെ തൊഴിലോ പശ്ചാത്തലമോ എന്തായാലും ബന്ധങ്ങളിലൂടെയാണു അയാൾ എഴുതപ്പെടുന്നത്. ജോണിയായ കുഞ്ചാക്കോ ബോബനെ നടുവിൽ പ്രതിഷ്ഠിച്ചു അതിനു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങൾ എന്ന പോലെ കുറെ മനുഷ്യരും, അതിൽ നിന്നും ഉത്ഭവിക്കുന്ന സംഭവങ്ങളും കൊണ്ടു നിർമ്മിച്ച ചിത്രമാണിതെന്നു പറയാം. കുഞ്ഞു നാളിൽ അപ്പന്റെ പണം കട്ടെടുത്തു കുറ്റം മൂത്ത സഹോദരന്റെ പേരിൽ കെട്ടി വച്ചു തടി തപ്പുന്ന ജോണി, വലുതായിട്ടും ചെയ്യുന്ന കള്ളങ്ങൾ ഇരു ചെവി അറിയാതെ മാന്യനായി ജീവിച്ചു പോകുന്നു.
2. ജോണിയുമായി ബന്ധപ്പെടുത്തി രണ്ടു കഥകൾ ഇഴ ചേർത്തിരിക്കുന്നു. ആദ്യത്തേതിൽ അയാളും, അയാളുടെ ബന്ധങ്ങളും സുഹൃത്തുക്കളുമെങ്കിൽ, രണ്ടാം പകുതിയിൽ സംഭവിക്കുന്ന കഥയിൽ മറ്റൊരാളുടെ ജീവിതവും സാഹചര്യവും കടന്നു വരുന്നു.
3. ഹാസ്യം നിഴലിച്ച ആദ്യ പകുതി, കഥയുടെ പോക്കു മുൻകൂട്ടി കാണാൻ വിധം സ്പഷ്ടമാണ്. സ്വതസിദ്ധമായ ഹാസ്യ കഥാപാത്രമായി ഷറഫുദ്ദീൻ നിറഞ്ഞു നിൽക്കുന്നു. പക്വതയുള്ള കഥാപാത്രമായി ടിനി ടോമും ചേരുന്നു. വെള്ളിമൂങ്ങയിൽ ജോഡികളായ ടിനിയും വീണ നായരും വീണ്ടും ഒന്നിക്കുമ്പോൾ മറ്റൊരു 'രസതന്ത്രം' പ്രേക്ഷകർക്ക് ആസ്വദിക്കാനാവുന്നു. വീണ്ടുമൊരു ജോജി തോമസ് തിരക്കഥയൊരുങ്ങുമ്പോൾ ഇതൊരു പ്ലസ് പോയിന്റായി നിഴലിക്കുന്നു. വിജയരാഘവൻ, ഗീത, അനു സിതാര, കലാഭവൻ ഷാജോൺ, പ്രശാന്ത്, അബു സലിം എന്നിവരും മികച്ച പ്രകടനവുമായി ഒപ്പമുണ്ട്.
4. രണ്ടാം പകുതിയിൽ മറ്റൊരു കഥ കടന്നു വരുന്നതു ഉദ്വേഗം ജനിപ്പിക്കുന്ന ക്ലൈമാക്സിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ സഹായകമാവുന്നു. അതിഥി വേഷത്തിലെത്തുന്ന മംമ്‌ത മോഹൻദാസും ഒരിക്കലും കാണാത്ത അമ്മയെ തേടുന്ന മകൻ ആദമായി സനൂപ് സന്തോഷും ചത്രത്തെ മറ്റൊരു തലത്തിലേക്ക് കയറ്റി വിടാൻ സഹായിക്കുന്നു. ഒരു പക്ഷെ ആദ്യം മുതൽ അവസാനം വരെ ജോണിയുടെ കള്ളത്തരങ്ങൾ മാത്രം നിറഞ്ഞു നിന്നെങ്കിൽ സംഭവിക്കാൻ ഇടയില്ലാത്ത സാദ്ധ്യതകൾ നൽകുന്നതു ഇവരുടെ വരവാണു. ലെനയുടെ പോലീസ് വേഷവും ശ്രദ്ധേയമാണ്.
5. കഥയെ മാത്രം ആശ്രയിച്ചാണു ചിത്രത്തിന്റെ നിർമ്മാണം. അതിനാൽ സംഗീതമോ, ചിത്രീകരണ മികവോ എന്നിങ്ങനെ ഒന്നും ഇവിടെ പ്രസക്തമാവുന്നില്ല. എന്നിരുന്നാലും ആകാംഷ ഉണ്ടാവുന്ന നിമിഷങ്ങൾ കുറച്ചു കൂടി ഉൾപ്പെടുത്തിയെങ്കിൽ നന്നായേനേ എന്നു പ്രേക്ഷകർക്കും തോന്നാം. ഒരു പക്ഷെ, കുറേക്കൂടി പുതുമ കൊണ്ടു വരാനുള്ള സാധ്യതകളെ നന്നായി ഉപയോഗപ്പെടുത്താനും കഴിഞ്ഞേനെ.
