പട്ടിയെയും പൂച്ചയെയും കൊണ്ട് കളയാന്‍ മാത്രം ആളുകള്‍ പോകുന്ന 'തീട്ടപ്പറമ്പുള്ള' ഒരു കൊച്ചു തുരുത്ത്. നെപ്പോളിയന്റെ മക്കളായ സജിയും അനിയന്‍മാരും നയിക്കുന്ന കൊച്ചിയിലെ തുരുത്ത്. അവിടെ, സജിയുടെ ഏറ്റവും ഇളയ അനിയൻ ഫ്രാങ്കി പറയുന്ന പോലെ 'ആ പഞ്ചായത്തിലെ ഏറ്റവും മോശം വീടി'ൻറെ കഥ കാണിച്ചു തരികയാണ് കുമ്പളങ്ങി നൈറ്റ്സ്.
സജി (സൗബിൻ ഷാഹിർ )ക്കൊപ്പം ബോബി (ഷൈന്‍ നിഗം )യും ബോണി (ശ്രീനാഥ് ഭാസി)യും ഫ്രാങ്കി(മാത്യു തോമസും)യും ചേരുന്നതോടെ കുമ്പളങ്ങിയിലെ ബ്രദേഴ്‌സ് കുറേയേറെ ചിരിപ്പിച്ചും കുറച്ചു ചിന്തിപ്പിച്ചും നമുക്കൊപ്പം യാത്ര തുടങ്ങുകയാണ്. ലക്ഷ്യബോധമില്ലാതെ കഴിയുന്ന ഏട്ടന്മാര്‍ക്കിടയിലെ ഫ്രാങ്കി ഇടയ്‌ക്കൊക്കെ മനസിനെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു. സിനിയെ കെട്ടി കുമ്പളങ്ങിയിലേക്കെത്തുന്ന ഷമ്മി (ഫഹദ് ഫാസിൽ )യെന്ന കഥാപാത്രം നിഗൂഢതകള്‍ ഒളിപ്പിച്ച് വെക്കുമ്പോഴും തന്റെ ഭാവപ്രകടനങ്ങള്‍ കൊണ്ട് പ്രേക്ഷകനെ ചിരിപ്പിക്കുകയും ചെയ്യുന്നു.
advertisement
ബോബിയുടെ കാമുകി ബേബി ( അന്ന ബെന്നി) യിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഷമ്മിയുടെ ഭാര്യ സിനിയുടെ അനുജത്തിയാണ് ബേബി. വെള്ളമടിച്ച് തമ്മില്‍ കണ്ടാലുടന്‍ പോരടിക്കുന്ന സജിയെയും അനിയന്‍ ബോബിയെയും ഒന്നിപ്പിക്കുന്ന, സജിയുടെ ആഗ്രഹം പോലെ
ബോബിയെക്കൊണ്ട് ചേട്ടാ എന്നുവിളിപ്പിക്കുന്ന ബേബി പ്രണയരംഗങ്ങളിലും ഒരുപോലെ തിളങ്ങുന്നുണ്ട്.
Also read: Film review: പ്രപഞ്ചത്തിൽ നിന്നും അടർത്തിമാറ്റാനാവാതെ നയൻ
ബോബിയുടെ കല്ല്യാണത്തിലേക്ക് കാര്യങ്ങളെത്തുന്നതോടെ'ആ പഞ്ചായത്തിലെ ഏറ്റവും മോശം വീട്' ഒരു കുടുംബമായി മാറാന്‍ തുടങ്ങുന്നു. മരുമകനായെത്തി വീട്ടില്‍ അധികാരമുറപ്പിക്കുന്ന ഷമ്മിയോട്ചെറുത്തുനില്‍ക്കുന്ന ബേബിയും അനുസരണയുള്ള ഭാര്യയായ് ജീവിച്ച് അവസാന നിമിഷം അനിയത്തിയെ 'സ്വന്തം' ചേട്ടനെന്ന പേരുപറഞ്ഞ് എടിയെന്ന് വിളിക്കുന്ന ഷമ്മിയോട് 'ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയോട് സംസാരിക്കണമെന്ന് പറയുന്ന' സിനിയും വീടുകൾക്കുള്ളിലെ ആണധികാരത്തിനെ ചോദ്യം ചെയ്യുന്ന തന്റെടമുള്ള സ്ത്രീകഥാപാത്രങ്ങളെയും കാണിച്ച് തരുന്നു. ഫഹദ് പതിവുപോലെ നടനെന്ന നിലയിലെ തന്റെ പ്രതിഭ തെളിയിക്കുമ്പോഴും സൗബിന്റെ സജിയും ഷൈനിന്റെ ബോബിയുമാണ് അല്‍പ്പം മുന്നിലെന്ന് പറയാതെ വയ്യ.
മലയാള സിനിമ ഇവിടുത്തെ നടന്മാരെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന പരാതി കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിറങ്ങുന്നതോടെ അവസാനിക്കും . 'സുഡാനി ഫ്രം നൈജീരിയ'യിലെ മജീദില്‍ നിന്നും കുമ്പളങ്ങിയിലെ സജിയിലേക്കെത്തുമ്പോള്‍ സൗബിന്‍ ഷാഹിറെന്ന നടനെ ഹാസ്യതാരമെന്ന പേരിലാകില്ല മലയാള ചലച്ചിത്രരംഗം തന്നെ അടയാളപ്പെടുത്തുകയെന്ന് ഉറപ്പ്.
സാധാരണ ബന്ധങ്ങളെ ഇത്രമേല്‍ മനോഹരമായ് എങ്ങിനെ കോര്‍ത്തിണക്കാമെന്ന് കാണിച്ച് തരികയാണ് കുമ്പളങ്ങിയിലൂടെ ശ്യാം പുഷ്‌കരനെന്ന തിരക്കഥാകൃത്ത്. തന്റെ മുൻ ചിത്രങ്ങളുടെ ഒപ്പമോ അതിനു മേലെയോ ആണ് ശ്യാമിന്റെ ഈ രചനയും.
ചിത്രത്തില്‍ സൗബിന്റെ കഥാപാത്രത്തോടും ശ്യാംപുഷ്‌കരന്റെ തിരക്കഥയോടും മത്സരിക്കുന്നത് ഷൈജു ഖാലിദിന്റെ ക്യാമറയാണ്. കുമ്പളങ്ങിയിലെ രാത്രികള്‍
ഇത്ര മനോഹരമായി കാണിച്ച് തരുന്ന ഷൈജുവിന്റെ ക്യാമറ കണ്ണുകള്‍ രാത്രികളെ വെളുപ്പിച്ച് പകലുകളാക്കുകയല്ല, കറുത്ത രാത്രിയുടെ സൗന്ദര്യത്തെ അതുപോലെ എഴുതി പകര്‍ത്തുകയാണ്. ഈ. മ.യൗവില്‍ കാണിച്ച് തന്നതിനേക്കാള്‍ മനോഹരമായി.
ഉള്ളം കൊണ്ടു പോകാൻ വള്ളം തുഴഞ്ഞെത്തിയ ബ്രദേഴ്‌സിന്റെ കഥ പറഞ്ഞ ചിത്രത്തിലൂടെ വരുംകാല മലയാള ചലച്ചിത്രരംഗം തന്റേതും കൂടിയാണെന്ന് ഉറപ്പിച്ചു പറയുകയാണ് മധു സി നാരായണനെന്ന സംവിധായകന്‍. കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ട, അത് കണ്ടറിയുക തന്നെ വേണം.