ബിജെപി സ്ഥാനാർഥിയാകുമോ? ചിലരുടെ ഭാവനാസൃഷ്ടി നിഷേധിക്കാതെ ലാൽ

webtech_news18
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടൻ മോഹൻലാൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകുകയാണ് ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി മോഹൻലാൽ മത്സരിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തത്. ഇതിനിടെയാണ് മോഹൻലാൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ആദ്യം ചിത്രം ഷെയർ ചെയ്തത് മോഹൻലാൽ ആയിരുന്നു. ഇപ്പോഴിതാ, മോഹൻലാലുമൊത്തുള്ള ചിത്രം പ്രധാനമന്ത്രി തന്നെ ട്വീറ്റ് ചെയ്തിരിക്കുന്നു. മോഹൻലാൽ സ്ഥാനാർഥിയാകുന്ന കാര്യത്തിൽ ഔദ്യോഗികമായ ഒരു പ്രതികരണത്തിന് ബിജെപി നേതൃത്വമോ താരമോ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ മോഹൻലാലിനോട് വളരെ അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത് മറ്റൊന്നാണ്. ചിലരുടെ ഭാവനാസൃഷ്ടിയെ നിഷേധിക്കേണ്ടതില്ലല്ലോ എന്നായിരുന്നവത്രെ ഈ വാർത്തയോട് മോഹൻലാൽ ഒരു സുഹൃത്തിനോട് പറഞ്ഞത്.ജന്മാഷ്ടമി ദിനത്തിൽ ലാലേട്ടൻ പ്രധാനമന്ത്രിയെ കണ്ടത് എന്തിന്?


വളരെക്കാലമായി ബിജെപിയുമായി കൂട്ടിക്കെട്ടി മോഹൻലാലിന്‍റെ പേര് വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ സിനിമയിൽ സജീവമായി നിൽക്കുന്ന മോഹൻലാൽ ഒരു രാഷ്ട്രീയ പാർടിയുമായും പ്രത്യക്ഷമായ അടുപ്പത്തിന് പോകാറില്ല. അതേസമയം ആരെയും പിണക്കാതിരിക്കാൻ ശ്രമിക്കാറുമുണ്ട്. അതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ആശംസ കൈമാറിയതും വൈകിട്ട് പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം പങ്കുവെച്ചതും. പ്രമുഖ രാഷ്ട്രീയ പാർടി നേതാക്കളുമായും കേന്ദ്ര-സംസ്ഥാന മന്ത്രിമാരിൽ ചിലരുമായും നല്ല അടുപ്പമാണ് മോഹൻലാൽ കാത്തുസൂക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പത്തനാപുരത്ത് ഇടത് സ്ഥാനാർഥിയായിരുന്ന കെ.ബി ഗണേഷ് കുമാറിനെയും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂരിനെയും മോഹൻലാൽ കണ്ട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാത്ത മോഹൻലാലിന്‍റെ നിലപാടിന് ഉദാഹരണമാണിതൊക്കെ.മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമോ? നടനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിനേരത്തെ നോട്ട് നിരോധന സമയത്ത് അതിനെ പിന്തുണച്ചുള്ള മോഹൻലാലിന്‍റെ ബ്ലോഗ് ഏറെ ചർച്ചയായിരുന്നു. മോഹൻലാലിനെതിരെ രൂക്ഷ വിമർശനം ആ സമയത്ത് ഉയർന്നിരുന്നു. മോഹൻലാലിനെ പിന്തുണച്ചും നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഒരു രാഷ്ട്രീയ പാർടിയുമായും പ്രത്യക്ഷത്തിൽ അടുപ്പം സൂക്ഷിക്കാറില്ലെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഉൾപ്പടെയുള്ള പാർട്ടികളുടെ സ്ഥാനാർഥിയായി മോഹൻലാൽ വന്നേക്കുമെന്ന അഭ്യൂഹം ഉയർന്നുവരാറുണ്ട്. മോഹൻലാലിന് താൽപര്യമെങ്കിൽ സ്ഥാനമാനങ്ങളോ തെരഞ്ഞെടുപ്പിൽ സീറ്റോ നൽകാൻ ബിജെപി തയ്യാറായിരുന്നുവെന്ന് പാർടിയുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. എന്നാൽ മോഹൻലാൽ അതിനോട് താൽപര്യം കാട്ടിയിട്ടില്ല എന്നതാണ് വാസ്തവം.
>

Trending Now