അടുത്തിടെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള രംഗങ്ങളുടെ പേരിൽ നടക്കുന്ന കൈക്കൂലിക്കെതിരെ സംവിധായകൻ രഞ്ജിത്ത് ആഞ്ഞടിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള സാക്ഷിയായ ചടങ്ങിലാണ് രഞ്ജിത്ത് പ്രതികരിച്ചത്.
ഡ്രാമ ചിത്രത്തിലെ രംഗം
രഞ്ജിത്ത് സംവിധാനം ചെയ്ത് തിയേറ്ററിലെത്തിയ ഡ്രാമയിൽ നിന്നും മരണ വിലാപ യാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടി ഉൾപ്പെടുത്തിയ സീൻ മാറ്റേണ്ടി വന്നതിനു പിന്നിലെ കഥ വിവരിക്കുകയായിരുന്നു സംവിധായകൻ. കൈക്കൂലി നൽകാൻ തയാറാവാത്ത രഞ്ജിത്തിന് ആ രംഗങ്ങൾ ആ രംഗം വെട്ടി മാറ്റുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
advertisement
‘ഡ്രാമയിൽ മരണവിലാപയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ ഒരു വണ്ടിയുണ്ടായിരുന്നു. കുതിരയുടെ ഉടമസ്ഥ തന്നെയാണ് വണ്ടി ഓടിച്ചതും. വിദേശത്തുനിന്നുള്ള കുതിരയായിട്ടും അതിന് പരിക്ക് പറ്റിയിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. മൃഗഡോക്ടറെക്കൊണ്ട് കുതിരയുടെ ഉടമ എഴുതിച്ച ഒരു സാക്ഷ്യപത്രം അവർ എനിക്ക് ഇ മെയിൽ ആയി അയച്ചുതന്നു. അത് സെൻസർബോർഡിന് മുമ്പാകെ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല. ഫരീദാബാദിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കൂ എന്നാണ് സെൻസർ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഫരീദാബാദിൽ ചെന്നപ്പോൾ ആദ്യത്തെ രണ്ട്-മൂന്ന് ദിവസം ഓഫീസിൽ ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞു.
ഒടുവിൽ കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ല എന്ന് മനസ്സിലാക്കി വേദനയോടെ ആ രംഗങ്ങൾ ചിത്രത്തിൽനിന്ന് നീക്കം ചെയ്യേണ്ടി വന്നു. എന്നാൽ ഇനി മുതൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങില്ല എന്ന ഉറപ്പ് ലഭിച്ചതിൽ സന്തോഷമുണ്ട്.’’ രഞ്ജിത്ത് പറയുന്നു.
