ഒരു സിനിമ; മൂന്ന് തിരിച്ചു വരവുകൾ. സംവൃത സുനിൽ വീണ്ടും അഭിനയത്തിലേക്ക്, ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത് സംവിധാനത്തിലേക്ക്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രശസ്തനാക്കിയ സജീവ് പാഴൂർ മറ്റൊരു തിരക്കഥയുമായി മലയാള സിനിമയിലേക്ക്. ബിജു മേനോൻ-സംവൃത സുനിൽ ജോഡി ദമ്പതികളായി 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിൽ എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്കാണ് പ്രതീക്ഷയും.
സുനി (ബിജു മേനോൻ) എന്ന കെട്ടിടം പണിക്കാരനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനുള്ളിലേക്കാണ് ചിത്രം ആദ്യം പ്രേക്ഷകനെ കൂട്ടി കൊണ്ടു പോവുക. അത്യാവശ്യം മികച്ച അവസ്ഥയിലെ വീട്ടിലെ പെൺകുട്ടിയാണ് ഭാര്യ ഗീത (സംവൃത). ഇവരുടേത് പ്രണയ വിവാഹവും. ആഡംബരങ്ങൾ കടക്കാത്ത ജീവിതമാണെങ്കിലും ചെറിയ സന്തോഷങ്ങളിൽ ജീവിതം ആസ്വദിക്കുന്ന മനുഷ്യർ. പിന്നെ അവിടെ നിന്നും ക്യാമറ കൂട്ടിക്കൊണ്ടു പോകുന്നത് ഇയാളുടെ സുഹൃദ് സംഘത്തിലേക്കും ആ നാട്ടിലെ വ്യക്തികളിലേക്കും രാഷ്ട്രീയക്കാരുടെയും ഇടയിലേക്കും ഒക്കെയാണ്.
advertisement
സുനിയുടെ കുടുംബം കഴിഞ്ഞാൽ തമ്മിലടിക്കുന്ന ഭരണ പ്രതിപക്ഷ നേതാക്കൾ, നാട്ടിൽ അത്യാവശ്യം കുപ്രസിദ്ധയായ ജെസി എന്ന യുവതി, സുനിയുടെ സ്വഭാവത്തിന് ചേർന്ന ഒരു പറ്റം കൂട്ടുകാരുടെ ചെറു ജീവിതങ്ങളിൽ ഒക്കെയും ഇവിടെ ഹൈലൈറ്റ് ആവുന്നു.
Read: വിപ്ലവ വീര്യവുമായി ഡിയർ കോമ്രേഡ് ട്രെയ്‌ലർ
മദ്യപാനം ഒഴിച്ച് കൂടാനാവാത്ത സുനിക്കും കൂട്ടുകാർക്കും ഒരു രാത്രി പുലരും മുൻപ് ലഭിക്കുന്ന സുവർണ്ണാവസരത്തിൽ ആദ്യ പകുതി അവസാനിക്കുന്നു. രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായി ഒത്തു വരുന്ന ഈ 'കോൾ' ഇവരുടെ ജീവിതം മാറ്റി മറിക്കുന്നതെങ്ങനെ എന്ന യാത്രയും അന്വേഷണവുമാണ്. അത് ഇവരെ കൊലക്കുറ്റത്തിലേക്ക് വരെ കൊണ്ടെത്തിക്കുമ്പോൾ എവിടെയോ ഒരിടത്തു പ്രേക്ഷന് പ്രവചിക്കാൻ അവസരം ലഭിക്കുന്നുണ്ട്. ഇത്രയും സംഭവിച്ചിട്ടും ഒന്നും വിട്ടു പറയാൻ തയ്യാറാവാതെയാണ് സുനിയുടെയും കൂട്ടരുടെയും നിൽപ്പ്. അപ്പോഴും സിനിമയുടെ തലക്കെട്ടായ 'സത്യം പറഞ്ഞ വിശ്വസിക്കുവോ' അർത്ഥവത്താകുമോ എന്നോർത്ത് പ്രേക്ഷകനും കാത്തിരിക്കും.
മുഴുനീള നായികാ വേഷങ്ങൾ അവതരിപ്പിച്ച് ഒട്ടനവധി യുവ ആരാധകരെ നേടിയ സംവൃത മടങ്ങി വരവിൽ ദൈർഘ്യം ഏറിയതല്ലെങ്കിലും നല്ല രീതിയിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നുണ്ട്. കുടുംബനാഥൻ റോളുകളിൽ ബിജു മേനോൻ തന്റേതായി സൃഷ്ടിച്ച മാനറിസങ്ങളും മറ്റും സുനിക്കും യോജിക്കുന്നുണ്ട്.
മദ്യപാനവും പുകവലിയും നൽകുന്ന ദൂഷ്യ വശങ്ങളെക്കുറിച്ച് ഗുണപാഠം നൽകുന്ന തിയേറ്ററുകളിൽ, പ്രേക്ഷകനെ ഭീതിപ്പെടുത്താതെ തന്നെ മദ്യത്തോടുള്ള അമിതാവേശം വ്യക്തി ജീവിതങ്ങളെ എങ്ങനെ പിടിച്ചുലയ്ക്കാം എന്ന ചിന്ത നൽകുന്ന നല്ല സന്ദേശമായി ഈ ചിത്രം മാറുന്നുണ്ട്.