ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കൊച്ചി മട്ടാഞ്ചേരി തുറമുഖ പ്രദേശങ്ങളില്‍ 1940 കളില്‍ നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനും മറ്റ് നിയമവിരുദ്ധമായ തൊഴില്‍ സമ്പ്രദായങ്ങള്‍ക്കുമെതിരായ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റിയാണ് തുറമുഖത്തിന്റെ കഥ. മട്ടാഞ്ചേരിയില്‍ നിന്നുള്ള മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്, മൈമൂവായി ജോജു എത്തുന്നു.
advertisement
1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മ്മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേര്‍ ലേബര്‍ കോണ്‍ട്രാക്റ്റര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. കോണ്‍ട്രാക്റ്റര്‍മാരും ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികള്‍ പരസ്പരം പൊരുതുന്ന ഒരു കാലം.
പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികള്‍ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയില്‍, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും ഇടയില്‍, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് 'തുറമുഖം' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണു.