അടൂരിന് മങ്കട രവിവർമ്മ എങ്ങനെയോ, അതായിരുന്നു അരവിന്ദന് ഷാജി എൻ. കരുൺ എന്ന കൊല്ലം സ്വദേശിയായ ഷാജി നീലകണ്ഠൻ കരുണാകരൻ. ക്യാമറയിലേക്ക് വെളിച്ചത്തിന്റെ താളമേളങ്ങൾ പകർത്താൻ ആഗ്രഹിച്ചിരുന്ന അരവിന്ദന് എന്തുകൊണ്ടും ചേരുന്ന കൂട്ടായി മാറി ഷാജി.
കെ.ജി. ജോർജ്, ലെനിൻ രാജേന്ദ്രൻ, ഹരിഹരൻ, എം.ടി. തുടങ്ങി പ്രഗത്ഭ സംവിധായകന്മാർക്കും ഛായാഗ്രാഹകനായി പ്രവർത്തിച്ചുവെങ്കിലും, അരവിന്ദനുമായുള്ള ദീർഘകാല ബന്ധം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് മുതൽക്കൂട്ടായി. തമ്പ്, കാഞ്ചനസീത, എസ്തപ്പാൻ, കുമ്മാട്ടി, പോക്കുവെയിൽ, മാറാട്ടം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ സിനിമകൾക്ക് ഷാജി എൻ. കരുൺ ക്യാമറ ചലിപ്പിച്ചു.
advertisement
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായ 'തമ്പ്' മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്റെ കൈകളിലെത്തിച്ചു.
വിരഹത്തിന്റെ ഛായ ഒപ്പിയെടുത്ത ആദ്യ ചിത്രങ്ങളായ പിറവി, സ്വം എന്നിവ കാൻ ചലച്ചിത്ര മേളയിൽ തിളങ്ങി. 1989 ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി'ഓർ - മെൻഷൻ ഡി'ഓണർ നേടിയ ചിത്രമായി പിറവി. 'സ്വം' മികച്ച സിനിമയ്ക്കുള്ള പാം ഡി ഓർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹവായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഫജർ ഫിലിം ഫെസ്റ്റിവൽ, ബെർഗാമോ ഫിലിം മീറ്റിംഗ്, ഇൻസ്ബ്രൂക്കിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, ബെർഗാമോ ഫിലിം മീറ്റിംഗ് എന്നിവിടങ്ങളിൽ മലയാള സിനിമയെ രേഖപ്പെടുത്തിയത് ഷാജി എൻ. കരുണിന്റെ ചിത്രങ്ങളായിരുന്നു.
എക്കാലവും എടുത്തുപറയാൻ അർഹമായ ഷാജി എൻ. കരുൺ ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ നായകനായ 'വാനപ്രസ്ഥത്തിന്റെ' സ്ഥാനം വളരെ മുന്നിലാണ്. കമേഴ്‌സ്യൽ സിനിമകളിലൂടെ ഹീറോ ഇമേജിൽ നിറഞ്ഞിരുന്ന മോഹൻലാലിനെ റിയലിസ്റ്റിക് സിനിമയിലേക്ക് ഷാജി ക്ഷണിച്ചുവരുത്തി. ഇൻഡോ-ഫ്രഞ്ച് നിർമിതിയായ വാനപ്രസ്ഥത്തിൽ മോഹൻലാൽ കഥകളി കലാകാരൻ കുഞ്ഞിക്കുട്ടനായി നടത്തിയ പകർന്നാട്ടം, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി വാനപ്രസ്ഥത്തെ അടയാളപ്പെടുത്തി. കാൻ ചലച്ചിത്ര മേളയിൽ തുടങ്ങി, ഓസ്ട്രിയയിലെ ഒരു ഗ്രാമത്തിൽ പോലും ഈ ചിത്രം 10 ആഴ്ചകളോളം പ്രദർശിപ്പിക്കപ്പെട്ടു. മികച്ച ചിത്രം, നടൻ, എഡിറ്റിംഗ് വിഭാഗങ്ങളിൽ ചിത്രം മൂന്നു ദേശീയ പുരസ്കാരങ്ങൾ നേടി. എണ്ണംപറഞ്ഞ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചലച്ചിത്ര സപര്യയായിരുന്നു അദ്ദേഹത്തിന്റേത്.
2011ൽ ഷാജി എൻ. കരുണിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2024ൽ അദ്ദേഹം സംസ്ഥാന സർക്കാരിന്റെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിനർഹനായി.