'കൊണ്ടാട്ടത്തിന് തയ്യാറായിക്കൊള്ളൂ' എന്നാണ് തരുൺ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചിരിക്കുന്നത്. ഒപ്പം നൃത്തം ചെയ്യുന്ന ഇമോജിയും തരുൺ മൂർത്തിയും പങ്കുവെച്ചിട്ടുണ്ട്. പ്രൊമോ ഗാനം ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യുമെന്നും തരുൺ മൂർത്തി അറിയിച്ചു.
മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഗാനമാണ് അതെന്നും ഡാൻസിൽ മോഹൻലാൽ പൊളിച്ചിട്ടുണ്ടെന്നും സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയും എം ജി ശ്രീകുമാറും നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. 'വേല്‍മുരുകൻ മോഡലിലുള്ള പാട്ടാണ് ജേക്സ് ബിയോജ് ഒരുക്കിയിട്ടുള്ളതെന്നും മോഹൻലാലിന്റെ പ്രകടനം കണ്ട് രോമാഞ്ചമുണ്ടായി' എന്നും എം ജി ശ്രീകുമാർ പറഞ്ഞിരുന്നു.
advertisement
'ലാലേട്ടന്റെ ഒരു പടം വരുമ്പോൾ അതിൽ ആഘോഷിക്കാൻ വേണ്ടി കൂടി ഒരു കൺടെന്റ് വേണം. പക്ഷേ സിനിമയിൽ ഒരു രീതിയിലും ആ പാട്ട് ചേരില്ല. ആദ്യം ഈ പാട്ട് നേരത്തെ ഇറക്കണമോ എന്നുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് അങ്ങനെ ചെയ്യാതിരുന്നത് വളരെ നന്നായി. ഡാൻസിൽ ലാലേട്ടൻ പൊളിച്ചിട്ടുണ്ട്' എന്നായിരുന്നു ജേക്സ് ബിജോയ് പറഞ്ഞത്.
ഫാമിലി ഡ്രാമ ജോണറിൽ ഇറങ്ങിയ സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.