"അങ്കിതിന്‍റെ പിതാവ് പറഞ്ഞതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ല. പക്ഷേ, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കണം. ഏതു വിധത്തിലുള്ള അന്വേഷണവുമായി സഹകരിക്കും" - താഹിർ ഹുസൈൻ വ്യക്തമാക്കി. "മറ്റൊരു പാർട്ടിയിലേക്ക് മാറുന്നതിന് മുമ്പ് ഞാൻ പിന്തുണച്ച ആളാണ് കപിൽ മിശ്ര. അദ്ദേഹം ചെയ്തത് കണ്ട് ഞാൻ അത്ഭുതപ്പെടുകയാണ്" - കപിൽ മിശ്രയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ താഹിർ ഹുസൈന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. തന്‍റെ ഭാഗത്തുണ്ടായ ഒരേയൊരു തെറ്റ് കലാപമുണ്ടായ സ്ഥലത്താണ് തന്‍റെ വീടെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
Delhi Violence: ഐബി ഓഫീസറെ കൊന്നത് AAPയുടെ താഹിർ ഹുസൈനെന്ന് ബിജെപി നേതാവ് കപിൽ മിശ്ര
ഫെബ്രുവരി 24ന് രാത്രിയോടെ തന്‍റെ വീട് ഡൽഹി പൊലീസിന്‍റെ നിയന്ത്രണത്തിലായി. കല്ലുകളും പെട്രോൾ ബോംബുകളും അവിടെ എങ്ങനെയാണ് വന്നതെന്ന് അറിയില്ല. വീട് ഒഴിയുന്ന സമയത്ത് പൂട്ടിയിരുന്നില്ലെന്നും താഹിർ ഹുസൈൻ പറഞ്ഞു. അതേസമയം, വീഡിയോയിൽ കാണുന്നത് തന്നെ തന്നെയാണെന്നും എന്നാൽ വീടിനു സമീപത്തുണ്ടായ തീ അണയ്ക്കുകയും അവിടെ നിന്ന് ആളുകളെ മാറ്റുകയുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ ഫെബ്രുവരി 24ലേത് ആണെന്നും തന്‍റെ വീട് സംരക്ഷിക്കുന്നതിനു വേണ്ടി താൻ ഫോണിൽ സഹായം തേടുകയായിരുന്നെന്നും പറഞ്ഞു.
അങ്കിത് ശർമയുടെ കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്നുള്ള ആരോപണം തെറ്റാണെന്ന് താഹിർ ഹുസൈൻ പറഞ്ഞു. കലാപമുണ്ടായ സമയത്ത് പൊലീസിനെ വിളിച്ചപ്പോൾ അവർ പ്രതികരിച്ചില്ല. പിന്നീട്, ബന്ധപ്പെട്ടപ്പോൾ തന്‍റെ വീടിനു നേരെ ആക്രമണമുണ്ടായതായി അറിയിച്ചു. എന്നാൽ, പൊലീസിൽ നിന്ന് ഉടൻതന്നെ ഒരു നടപടി ഉണ്ടായില്ലെന്നും പിന്നീട് എഎപി നേതാവ് സഞ്ജയ് സിംഗ് ഇടപെട്ടതിനെ തുടർന്ന് മേഖലയിലെ ഡി സി പിയുമായി സംസാരിച്ചെന്നും അദ്ദേഹം സഹായം ഉറപ്പു നൽകിയെന്നും താഹിർ ഹുസൈൻ പറഞ്ഞു.
പൊലീസെത്തി എന്നെയും കുടുംബാംഗങ്ങളെയും വീട്ടിൽ നിന്ന് ഒഴിപ്പിച്ചു. പിന്നീട്, പൊലീസ് വീട് ഏറ്റെടുക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. അടുത്ത ദിവസം വീട്ടിലേക്ക് പൊകാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം തടസപ്പെടുത്തിയെന്നും താഹിർ ഹുസൈൻ പറഞ്ഞു.