ഏറെക്കാലമായി ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന അംബരീഷിന്‍റെ വൃക്കകൾ കൂടി തകരാറിലായതോടെ ആരോഗ്യസ്ഥിതി ഏറെ മോശമാകുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. അംബരീഷിന്‍റെ മരണ വാർത്ത എത്തിയതോടെ വിക്രം ആശുപത്രിക്ക് കനത്ത കാവലാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
നഗരഹാവു എന്ന സിനിമയിലൂടെ 1972ലാണ് എംഎച്ച് അംബരീഷ് സിനിമയിലേക്ക് വരുന്നത്. കന്നഡയ്ക്ക് പുറമേ ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം 229 സിനിമകളിൽ അംബരീഷ് അഭിനയിച്ചിട്ടുണ്ട്. കന്നഡയിലെ സൂപ്പർ താരമായി അദ്ദേഹം തിളങ്ങി.
advertisement
സിനിമയിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനവും. 1994ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന അംബരീഷ് സീറ്റ് തർക്കത്തെ തുടർന്ന് രണ്ടുവർഷത്തിനുള്ളിൽ പാർട്ടി വിട്ടു. പിന്നീട് ജനത ദളിൽ ചേർന്ന അംബരീഷ് 1998ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മാണ്ഡ്യയിൽ നിന്ന് വിജയിക്കുകയും ചെയ്തു. അതിനുശേഷം ജനതാദൾ വിട്ട അംബരീഷ് വീണ്ടും കോൺഗ്രസിലെത്തി. 2004ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം പതിനാലാം കേന്ദ്രമന്ത്രിസഭയിൽ വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു.