റഹ്മാന് ഓസ്കാര്‍ പുരസ്കാരം നേടികൊടുത്ത സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിന്റെ പത്താം വാര്‍ഷികാഘോഷ വേളയിലാണ് റഹ്‌മാനോടൊപ്പം മകള്‍ ഖതീജ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പർദ്ദയും മുഖാവരണവും ധരിച്ച് ഖതീജ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് ഒരു വിഭാഗം വിമർശനവുമായി ഇറങ്ങിയത്. റഹ്‌മാനെ പോലൊരാള്‍ മകളെ ഇങ്ങനെ യാഥാസ്ഥിക ചട്ടക്കൂട്ടില്‍ വളര്‍ത്തര്‍ത്തരുതെന്നായിരുന്നു റഹ്‌മാനെതിരെയുള്ള പ്രധാന വിമര്‍ശനം. റഹ്‌മാനില്‍ നിന്നും ഇങ്ങനെ ഇടുങ്ങിയ ചിന്താഗതി പ്രതീക്ഷിച്ചില്ലെന്നും മകളെ നിര്‍ബന്ധിക്കുന്നതെന്തിനാണ് എന്ന ചോദ്യങ്ങളും ഉയർന്നു.
advertisement
ട്വിറ്ററിലൂടെയാണ് എ ആര്‍ റഹ്മാൻ വിവാദങ്ങളോട് പ്രതികരിച്ചത്. ഭാര്യ സൈറയും രണ്ടു മക്കളും നിത അംബാനിക്കൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത റഹ്‌മാൻ ഫോട്ടോയുടെ കൂടെ 'ഫ്രീഡം ടു ചൂസ്' എന്ന ഹാഷ് ടാഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ മൂത്ത മകൾ ഖതീജ പർദ്ദ ധരിച്ചാണ് നിൽക്കുന്നത്. എന്നാൽ ഭാര്യയും മകൾ റഹീമയും പർദ്ദ ധരിച്ചിട്ടില്ല. ഇതിന് തൊട്ട് പിന്നാലെ മകള്‍ ഖതീജ ഇന്‍സ്റ്റാഗ്രാമിലൂടെയും വിവാദങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
‘തന്നെ പർദ്ദ ധരിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്. പൂർണ്ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് മുഖാവരണം ധരിച്ചത്. ജീവിതത്തിൽ എന്ത് തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയാം. പ്രായപൂർത്തിയായ ഒരു വ്യക്തിയാണ് ഞാൻ. എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാനും അത് മാത്രമാണ് ചെയ്തത്. ഒരു കാര്യത്തെ കുറിച്ച് പൂർണമായും മനസിലാക്കാതെ ഒന്നും പറയരുത്’- ഖതീജ കുറിച്ചു.
